എടപ്പാൾ : സംസ്ഥാന പാതയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു. നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഇടയിൽക്കുടുങ്ങി.വാഹനങ്ങൾക്ക് നാശം സംഭവിച്ചെങ്കിലും യാത്രക്കാർക്കാർക്കും കാര്യമായി പരിക്കേറ്റില്ല. അപകടത്തെത്തുടർന്ന് സംസ്ഥാന പാതയിൽ ഒരു മണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെട്ടു.വെള്ളിയാഴ്ച 11.20-നാണ് സംഭവം. പാലായിൽ നിന്ന് കൊട്ടിയൂരിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും തിരുവനന്തപുരത്തേക്ക് പോകുക യായിരുന്ന കെഎസ്ആർടിസി ബസുമാണ് പുള്ളുവൻപടിക്കു സമീപം കൂട്ടിയിടിച്ചത്.ഇവിടെ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ബസുകൾക്കിടയിൽ കുടുങ്ങി. ആളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.
ബസ് യാത്രക്കാരിൽ ചിലർക്ക് നിസ്സാര പരിക്കേറ്റതൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവമൊന്നു മുണ്ടായില്ല.ബസുകൾ കൂട്ടിയിടിച്ച് റോഡിന് കുറുകേ നിന്നതോടെ പാതയിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചു. ഓടിക്കൂടിയ നാട്ടുകാർ ഏറെ പരിശ്രമിച്ചെങ്കിലും വാഹനങ്ങൾ മാറ്റാനായില്ല. പൊന്നാനിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി ഒരു മണിക്കൂറോളം പ്രയത്നി ച്ചാണ് വാഹനങ്ങൾ മാറ്റി ഗതാഗതം സുഗമമാക്കിയത്. ഇരു ബസുകളിലെയും യാത്രക്കാരെ വേറെ വാഹനങ്ങളിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചു.