എടപ്പാൾ : അടുത്തിടെയാണ് ഇവിടെയുള്ള കച്ചവടസ്ഥാപനത്തിലേക്കെത്തിയ വ്യക്തി ഓട്ടോ പാർക്കിങ്ങിനു സമീപത്തായി കാർ നിർത്തിയിട്ടതും തുടർന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാരും വ്യാപാരികളും തമ്മിൽ സംഘർഷമുണ്ടായതും.സംഘർഷത്തിൽ പരിക്കേറ്റ കാറുടമ വട്ടംകുളം സ്വദേശിയായ ഷറഫുദ്ദീനെയും(48) ഓട്ടോ ഡ്രൈവർ വട്ടംകുളം സ്വദേശി റസാഖിനെയും (28) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് കേസുമുണ്ട്.സ്റ്റാൻഡ് പെർമിറ്റോടെ യുള്ള ആയിരത്തോളം ഓട്ടോറിക്ഷകളാണ് ഇവിടെയുള്ളത്. ബസ് സ്റ്റാൻഡോ ഓട്ടോ സ്റ്റാൻഡോ ഇല്ലാത്തതിനാൽ തൃശ്ശൂർ-കോഴിക്കോട്, പാലക്കാട്-പൊന്നാനി റോഡുകളിലാണ് വരിയായി പാർക്ക് ചെയ്യുന്നത്.
കടകൾക്കു മുന്നിലായി ഓട്ടോറിക്ഷ പാർക്ക് ചെയ്തിരിക്കുന്നതിനാൽ കടയിലേക്കെത്തുന്നവർക്ക് ബൈക്ക് പോലും പാർക്ക് ചെയ്യാനാകാത്ത സ്ഥിതിയാണെന്നും ആളുകൾ പാർക്കിങ് സൗകര്യമുള്ള കടകളിലേക്ക് പോകുകയാണെന്നുമാണ് വ്യാപാരികളുടെ പരാതി. കച്ചവട സ്ഥാപനങ്ങൾക്കു മുന്നിലുള്ള പാർക്കിങ് ഒഴിവാക്കിത്തരണമെന്നും കടയിലേക്ക് വരുന്നവരെ ആക്രമിക്കുന്ന രീതി മാറ്റാനുള്ള നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരികൾ ഒപ്പിട്ട പരാതി പോലീസിനും പൊന്നാനി ബ്ലോക്ക് പഞ്ചായത്തിനും നൽകിയിട്ടുണ്ട്.
വ്യാപാരികളോട് സഹകരിച്ചില്ലെങ്കിൽ സ്റ്റാൻഡ് മാറ്റും:വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളും സഹകരിച്ചില്ലെങ്കിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിളിച്ചുചേർത്ത് ഓട്ടോ പാർക്കിങ് മാറ്റുന്ന കാര്യം പരിഗണിക്കും .സി. രാമകൃഷ്ണൻ (പ്രസിഡന്റ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്)
സ്റ്റാൻഡ് മാറ്റാനനുവദിക്കില്ല:ഓട്ടോ സ്റ്റാൻഡ് മാറ്റാൻ അനുവദിക്കില്ല. കടയിലേക്ക് ആളുകൾക്ക് വരാനുള്ള സൗകര്യമൊരുക്കണമെന്ന് ഓട്ടോറിക്ഷക്കാരോട് ആവശ്യപ്പെടുന്നതാണ്. വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നവരോട് യോജിപ്പില്ല. ആ നിലപാടുതന്നെയാണിപ്പോഴും .എം.എ. നവാബ് (ജില്ലാ സെക്രട്ടറി) ഓട്ടോ ടാക്‌സി യൂണിയൻ
കടകളിലേക്ക് ആളുകൾ കയറാതായി:ബൈക്ക് പാർക്കിങ്ങിനുപോലും ഇടമില്ലാത്തതിനാൽ കടകളിലേക്ക് ആളുകൾ കയറാത്ത അവസ്ഥയാണ്. ലക്ഷങ്ങൾ മുൻകൂറായും വാടകയും നൽകിയാണ് കച്ചവടം ചെയ്യുന്നത്. ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകാത്തപക്ഷം ഭാവിയിൽ വലിയ ഭവിഷ്യത്തുണ്ടാകും. – സലിം (എം.എസ്. മൊബൈൽസ്, പട്ടാമ്പി റോഡ്, എടപ്പാൾ)