തിരൂർ : അഴുക്കുചാലുകൾ വൃത്തിയാക്കാത്തതുകാരണം മഴ ശക്തമായതോടെ തിരൂർ പൂങ്ങോട്ടുകുളത്ത് വെള്ളം പൊങ്ങി കടകൾ വെള്ളത്തിലായി.മഴക്കാലം വരുംമുൻപ് നഗര സഭയും പൊതുമരാമത്ത് വകുപ്പും അഴുക്കുചാലുകൾ വൃത്തിയാക്കുന്നതിൽ കാണിക്കുന്ന അനാസ്ഥയാണ് പൂങ്ങോട്ടുകുളം-അമ്പലകുളങ്ങര റോഡ് ജങ്ഷനിൽ വെള്ളം പൊങ്ങാൻ കാരണം. 10 കടകളാണ് ഭീഷണി നേരിടുന്നത്.കടകൾ പലതും വെള്ളത്തിൽ മുങ്ങിയതിനാൽ കച്ചവടം നടത്താൻ കഴിയാത്ത അവസ്ഥയാണ്. കാൽനടയാത്രയും ദുസ്സഹമായി.തിരൂർ ജില്ലാ ആശുപത്രി, അമ്പലക്കുളങ്ങര ഭഗവതി ക്ഷേത്രം, തൃക്കണ്ടിയൂർ ശിവക്ഷേത്രം, നഗരസഭാ ഓഫീസ്, രണ്ട് സ്കൂളുകൾ, എൽഐസി ഓഫീസ് എന്നിവിടങ്ങളിലേക്ക് പോകാൻ യാത്രക്കാർ ഈ റോഡാണ് ഉപയോഗിക്കുന്നത്. റോഡിൽ വെള്ളം പൊങ്ങുന്നതിന് ശാശ്വതപരിഹാരം കാണണ മെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.