തിരൂർ : റെയിൽവേയുടെ ഔദ്യോഗിക സംവിധാനങ്ങളിൽനിന്ന് വെയ്റ്റ്ലിസ്റ്റ് ആയിപ്പോലും കിട്ടാത്ത ട്രെയിൻ ടിക്കറ്റ് നാലിരട്ടിയോളം തുക നൽകിയാൽ സ്വകാര്യ ആപ്പുകളിൽ നിന്നു ലഭിക്കുന്നു. 2 മാസം കഴിഞ്ഞുള്ള ടിക്കറ്റുകൾ പോലും റെയിൽവേയുടെ ഔദ്യോഗിക സംവിധാനങ്ങളിൽനിന്ന് കിട്ടാത്ത സ്ഥിതിയുള്ളപ്പോഴാണ് ആപ്പുകൾ കൊള്ളലാഭത്തിന് അതേ ടിക്കറ്റുകൾ വിൽപനയ്ക്കു വച്ചിരിക്കുന്നത്.
ഓഗസ്റ്റ് 17ന് ഉഡുപ്പിയിൽ നിന്ന് തിരൂരിലേക്കു മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ ടിക്കറ്റ് കിട്ടാനില്ല. വെയ്റ്റിങ് ലിസ്റ്റ് പോലും ഇല്ലെന്നാണ് റെയിൽവേയുടെ ഔദ്യോഗിക ഓൺലൈൻ സംവിധാന മായ ഐആർസിടിസിയിൽ നൽകുന്ന വിവരം. റെയിൽവേ സ്റ്റേഷൻ കൗണ്ടറിലും ഈ ദിവസം ഈ ട്രെയിനിൽ ടിക്കറ്റില്ല.എന്നാൽ ചില സ്വകാര്യ ആപ്പുകളിൽനിന്ന് ടിക്കറ്റ് ലഭിക്കുന്നുണ്ട്. ഉഡുപ്പിയിൽനിന്ന് തിരൂരിലേക്കു മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ സ്ലീപ്പർ ടിക്കറ്റിന് സാധാരണയായി നൽകേണ്ടത് 255 രൂപയാണ്.
എന്നാൽ ആപ്പിൽ ഈ ടിക്കറ്റിനു വാങ്ങുന്നത് 960 രൂപയാണ്. അതായത് നാലിരട്ടിയോളം തുക. ഐആർസിടിസിയുമായി ചേർന്നു പ്രവർത്തിക്കുന്നു എന്നവകാശപ്പെടുന്ന 2 ആപ്പുകളാണ് 255 രൂപയുടെ ടിക്കറ്റിന് 960 രൂപയ്ക്ക് നൽകാമെന്ന് പറയുന്നത്.ഉടുപ്പിയിൽനിന്ന് തിരൂരിലേക്കു ടിക്കറ്റ് എടുക്കുന്നതിനു പകരം ഭട്കൽ മുതൽ എറണാകുളം ജംക‍്ഷൻ വരെയുള്ള ടിക്കറ്റെടുത്താൽ സീറ്റ് നൽകാമെന്നാണ് മറ്റൊരു ആപ്പ് നൽകുന്ന വാഗ്ദാനം. ഇതിന് 380 രൂപയാണ് നിരക്ക്.
ഈ ആപ്പുകളിൽ നിന്ന് ടിക്കറ്റെടുത്ത ചിലർക്ക് യഥാർഥ ടിക്കറ്റ് ലഭിക്കാതെ പണം പോയിട്ടു ണ്ടെന്ന വിവരവുമുണ്ട്. ഈ ആപ്പുകളുടെ റിവ്യൂവിൽ യാത്രക്കാർ എഴുതിയതാണിത്.ഇത്തരം ആപ്പുകൾക്ക് എങ്ങനെയാണ് ട്രെയിൻ ടിക്കറ്റുകൾ ഇത്രയധികം ലഭിക്കുന്നതെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. ഔദ്യോഗിക സംവിധാനം വഴി യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകാതെ ഇത്തരം സ്വകാര്യ ആപ്പുകളെ സഹായിക്കാൻ സീറ്റുകൾ മാറ്റി നൽകുന്ന രീതി റെയിൽവേ ഉടൻ അവസാനിപ്പിക്കണമെന്നാണ് ആവശ്യം.