തിരൂർ: വൈകിട്ടു കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകളിൽ കാലുകുത്താനിടമില്ലെന്നതു പോട്ടെ, ഒന്നു ശ്വാസം വിടാൻ പോലും പറ്റാത്ത സ്ഥിതിയാണ്. അത്രയേറെ യാത്രക്കാരാണ് ഓരോ ട്രെയിനുകളിലെയും ജനറൽ കംപാർട്മെന്റുകളിൽ കയറുന്നത്. യാത്രക്കാരുടെ ആവശ്യ ത്തിനനുസരിച്ചു സർവീസുകൾ ഇല്ലാത്തതിനാലാണ്, ദുരിതയാത്രയാണെങ്കിലും കിട്ടിയ ട്രെയിനുകളിൽ കയറിയുള്ള ഈ പോക്ക്. മൺസൂൺ സമയമാറ്റം വന്നതോടെയാണു തിരക്ക് വീണ്ടും കൂടിയതെന്നാണു യാത്രക്കാർ പറയുന്നത്.
വൈകിട്ടു മൂന്നോടെ തിരൂർ വിടുന്ന പരശുറാം എക്സ്പ്രസ് കഴിഞ്ഞാൽ പിന്നീട് ഒന്നേകാൽ മണിക്കൂറോളം ഒറ്റ ട്രെയിനില്ല. 4.20നു തിരൂരിൽ ഷൊർണൂർ – കണ്ണൂർ പാസഞ്ചറെത്തും. ഈ സമയം ഓഫിസുകളോ, സ്കൂളുകളോ വിട്ടുതുടങ്ങിയിട്ടുണ്ടാകില്ല. അതുകൊണ്ടുതന്നെ വലിയ തിരക്കില്ലാതെ പാസഞ്ചർ കടന്നുപോകും. പിന്നീടുള്ളതു നേത്രാവതി എക്സ്പ്രസാണ്. ഈ വണ്ടി യെത്തുമ്പോഴേക്കും സ്റ്റേഷനിൽ വൻ തിരക്കായിട്ടുണ്ടാകും. നാലു ജനറൽ കംപാർട്മെന്റു കളാണ് ഈ ട്രെയിനിനുള്ളത്. നിറഞ്ഞുകവിഞ്ഞു വരുന്ന ഈ നാലിലും കാത്തുനിൽക്കുന്ന വരുംകൂടി കയറുന്നതോടെ ശ്വാസം കിട്ടാത്ത സ്ഥിതിയാകും.
അടുത്ത ട്രെയിൻ 5.20ന് ആയതിനാലാണു മിക്കവരും നേത്രാവതിയിൽ കയറിപ്പറ്റാൻ ശ്രമി ക്കുന്നത്. 5.20നുള്ള ട്രെയിൻ പോയിക്കഴിഞ്ഞാൽ പിന്നീടു രാത്രി ഒൻപതിനാണ് അടുത്ത ട്രെയിൻ – കണ്ണൂർ എക്സ്പ്രസ്.4.20നു തിരൂരിലെത്തിപ്പോകുന്ന ഷൊർണൂർ – കണ്ണൂർ പാസഞ്ചർ കോഴിക്കോട് എത്തിയാൽ ഒരു മണിക്കൂറോളം പിടിച്ചിടുന്നുണ്ട്. ഇതൊഴിവാക്കി ഈ ട്രെയിൻ നേത്രാവതി പോയതിനു ശേഷം കടത്തിവിടുന്ന സംവിധാനമാക്കിയാൽ വൈകിട്ടത്തെ തിരക്കു കുറയ്ക്കാൻ കഴിയുമെന്നാണു യാത്രക്കാർ പറയുന്നത്. മുൻപു തിരൂരിൽ 5.25ന് എത്തിയിരുന്ന നേത്രാവതി മൺസൂൺ സമയമാറ്റത്തോടെയാണു നേരത്തേ ആക്കിയത്.
രാവിലെയും ഉണ്ട് ഈ തിരക്കിന്റെ പ്രയാസം. കോയമ്പത്തൂർ എക്സ്പ്രസാണു തിങ്ങിനിറഞ്ഞ യാത്രക്കാരുമായി കോഴിക്കോട് നിന്ന് എത്തുന്നത്. മുൻപു കോഴിക്കോട് – തൃശൂർ പാസഞ്ചർ ഉണ്ടായിരുന്നതു നിർത്തിയതാണ് ഈ തിരക്കിന് ഒരു കാരണം. രാവിലെ കോഴിക്കോട്ടുനിന്നു വരുന്ന പരശുറാം എക്സ്പ്രസ് വന്ദേഭാരതിനു വേണ്ടി പിടിച്ചിടുന്നതിനാൽ സമയം വൈകുന്നതും യാത്രക്കാരെ കോയമ്പത്തൂർ എക്സ്പ്രസിലെ തിങ്ങിനിറഞ്ഞ യാത്രയ്ക്കു പ്രേരിപ്പിക്കുകയാണ്. ഷൊർണൂരിൽനിന്നു കോഴിക്കോട് വരെയുള്ള എല്ലാ സ്റ്റേഷനുകളിൽനിന്നുമുള്ള യാത്രക്കാരും ഈ ദുരിതം അനുഭവിക്കുകയാണ്.
ദുരിതയാത്രയ്ക്ക് അൽപമെങ്കിലും ശമനം വരുത്താൻ എംപിമാർ അടക്കമുള്ള ജനപ്രതിനിധികൾ ക്ക് താൽപര്യമൊന്നുമില്ലെന്നും യാത്രക്കാർ ആരോപിക്കുന്നുണ്ട്.രാവിലെ 10.10ന് കണ്ണൂരിൽനിന്നു കോഴിക്കോടെത്തുന്ന പാസഞ്ചർ ട്രെയിൻ തൃശൂരിലേക്ക് ഓടിക്കണമെന്നു യാത്രക്കാർ പറയുന്നു. കണ്ണൂരിൽ നിന്നെത്തുന്ന ഈ ട്രെയിൻ ഉച്ചയ്ക്ക് 2.25ന് തിരിച്ചുപോകുന്നതു വരെ കോഴിക്കോട് വെറുതേ കിടക്കുകയാണ്. ഉച്ചയ്ക്ക് 2.25ന് യാത്രക്കാരില്ലാതെയാണു കണ്ണൂരിലേക്കു പോകുന്നത്. ഈ സമയക്രമത്തിനു പകരം, ട്രെയിൻ തൃശൂർ വരെയും തിരിച്ചു കണ്ണൂർ വരെയും ഓടിക്കുക യാണെങ്കിൽ ധാരാളം പേർക്ക് ഉപകാരമാകുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.