എടപ്പാൾ : ‘പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ റോഡ് പൊളിച്ചത് കേരള വാട്ടർ അതോറിറ്റിയാണ്. റോഡ് ടാർ ചെയ്യേണ്ടതും വാട്ടർ അതോറിറ്റിയാണ്… പരാതികൾക്ക് വാട്ടർ അതോറിറ്റിയെ സമീപിക്കുക’ -എടപ്പാളിൽ പലയിടങ്ങളിലും വെച്ചിട്ടുള്ള ബോർഡാണിത്. ജല അതോറിറ്റിയിലെ അസിസ്റ്റന്റ് എൻജിനീയറുടെ മൊബൈൽ നമ്പറും ഒപ്പം ചേർത്തിട്ടുണ്ട്. പൊതുമരാമത്തു വകുപ്പിലെ അസിസ്റ്റന്റ് എൻജിനീയറുടെ പേരിലാണ് ബോർഡുകൾ. കുറ്റിപ്പുറം മുതൽ ഗുരുവായൂർ റൂട്ടിൽ പലയിടങ്ങളിലും ബോർഡ് വെച്ചിട്ടുണ്ട്.
ജൽജീവൻ മിഷനിൽ പൈപ്പ് ഇടാനായി പൊളിച്ച റോഡുകൾ നന്നാക്കാൻ ജല അതോറിറ്റി ശ്രദ്ധിക്കാറില്ല. പൊളിഞ്ഞ റോഡുകളുടെ പേരിൽ പഴി കേൾക്കേണ്ടിവരുന്നതു മുഴുവൻ പൊതുമരാമത്തു വകുപ്പാണ്. പ്രാദേശിക ഭരണാധികാരികൾ മുതൽ എംഎൽഎമാരും നാട്ടുകാരുമെല്ലാം പൊതുമരാമത്തുവകുപ്പിൽ വിളിച്ച് രോഷം പ്രകടിപ്പിക്കും. മഴക്കാലമായ തോടെ ഇത്തരം വിളികൾ വളരെക്കൂടുതലായി. പലയിടത്തും യുവജനസംഘടനകൾ സമരവുമായി പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് എത്താനും തുടങ്ങി.
അതോടെയാണ് പൊതുമരാമത്തു വകുപ്പിലെ ഉദ്യോഗസ്ഥർ മുൻകൈയെടുത്ത് പലയിടങ്ങളിലും ബോർഡു വെച്ചത്.പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ പൊളിക്കുമ്പോൾ അത് നന്നാക്കാനുള്ള പണം മുൻകൂർ കെട്ടിവെച്ചശേഷമാണ് അനുവാദം നൽകിയിരുന്നത്. എന്നാൽ ‘ജൽജീവൻ മിഷൻ’ പദ്ധതിക്ക് ഈ നിബന്ധനയില്ല. പൊളിക്കുന്നതിന്റെയും നന്നാക്കുന്നതിന്റെയും ഉത്തരവാദിത്വം വാട്ടർ അതോറിറ്റിക്ക് നൽകുന്ന തരത്തിലാണ് ഇതിന്റെ കരാർ വ്യവസ്ഥകൾ.പലയിടത്തും പിഡബ്ല്യു ഡി കരാറുകാരുടെ സഹകരണത്തോടെയാണ് ബോർഡ് വെച്ചിട്ടുള്ളത്. നിൽക്കക്കള്ളി യില്ലാതെ ചെയ്തതാണ്.
ആരോടും ചോദിച്ചും പറഞ്ഞുമൊന്നുമില്ല -പൊതുമരാമത്ത് വകുപ്പിലെമേലധികാരി കളുടെ അറിവോടെയാണോ ഇത് വെച്ചിട്ടുള്ളത് എന്നു ചോദിച്ചപ്പോൾ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.മഴമാറിയാൽ റോഡുകൾ നന്നാക്കുമെന്ന് ജല അതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയർ എസ്. മഞ്ജുമോൾ പറഞ്ഞു. ഫണ്ട് കിട്ടാത്ത പ്രശ്നം നിലനിൽക്കുന്നുണ്ടെങ്കിലും റോഡുകൾ ടാർചെയ്യാൻ കരാറുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതു നിരത്തുകളിൽ ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നതിന് കാരണമറിയില്ലെന്നും അവർ പറഞ്ഞു.