തിരൂരങ്ങാടി : ഭൂമിയുടെയും അതിൽ ഉൾപ്പെടുന്ന കെട്ടിടങ്ങളുടെയും സമഗ്രവിവരങ്ങൾ ഒരു സംവിധാനത്തിനുകീഴിൽ വരുത്തി ഉടമകൾക്ക് സഹായകരമാകുന്ന ഡിജിറ്റൽ റവന്യൂ ഡിജിറ്റൽ കാർഡ് ഈ സാമ്പത്തിക വർഷംതന്നെ നടപ്പാക്കുമെന്ന് മന്ത്രി കെ. രാജൻ. തിരൂരങ്ങാടി താലൂ ക്ക്തല പട്ടയമേള ഓൺലൈൻ വഴി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയാകുന്നതോടെ ഡിജിറ്റൽ കാർഡ് യാഥാർത്ഥ്യമാക്കും. അർഹരായവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുകയെന്ന താണ് സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു. തിരൂരങ്ങാടി താലൂക്കിൽ 277 പട്ടയങ്ങളാണ് ചൊവ്വാഴ്ച വിതരണംചെയ്തത്. 51 പതിവ് പട്ടയങ്ങളും 176 ലാൻഡ് ട്രിബൂണൽ പട്ടയങ്ങളുമാണുള്ളത്. ലാൻഡ് ട്രിബൂണലിൽ തിരൂരങ്ങാടി മണ്ഡലത്തിലെ 44 പട്ടയങ്ങൾ, വേങ്ങര നിയോജക മണ്ഡല ത്തിലെ 51 പട്ടയങ്ങൾ, വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ 81 പട്ടയങ്ങൾ എന്നിവയാണ് വിതരണംചെയ്തത്.
ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെപിഎ മജീദ് എംഎൽഎ അധ്യക്ഷതവഹിച്ചു. പി. അബ്ദുൽ ഹമീദ് എഎൽഎ, തിരൂരങ്ങാടി നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ്കുട്ടി, പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സാജിത, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ബെൻസീറ, വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശൈലജ, ഒതുക്കുങ്ങൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കമ്പോട്ട് മൂസ, വി.പി. സോമസുന്ദരം, നിയാസ് പുളിക്കലകത്ത്, ഡെപ്യൂട്ടി കളക്ടർ ഇന്ദു, തഹസിൽദാർമാരായ പി.ഒ. സാദിഖ്, ബിനീഷ്, ജയന്തി തുടങ്ങിയവർ പ്രസംഗിച്ചു.