Breaking
Thu. Aug 21st, 2025

തിരുനാവായ : വേറിട്ട വഴിയിലൂടെയും ലഹരിവസ്തുക്കളുടെ വിൽപ്പന. ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ടുപേർ പിടിയിലായതോടെയാണ് ഈ വഴി പുറത്തായത്.ആന്ധ്രാപ്രദേശ് സ്വദേശികളായ പുട്ടുരു സായ് മഞ്ജുനാഥ് (24), ഗണ്ട അർജുൻ നായിഡു (30) എന്നിവരാണ് കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായത്. രണ്ടുകിലോ കഞ്ചാവും 58 ഗ്രാം ഹാഷിഷ് ഓയിലും ഇവരിൽനിന്ന് പിടിച്ചെടുത്തു.പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യംചെയ്തപ്പോഴാണ് ലഹരിക്കച്ചവടത്തിന്റെ പുതുരീതികൾ പുറത്തായത്.

ലഹരിവസ്തുക്കൾ കുറ്റിപ്പുറം-തിരൂർ റോഡിലെ വിവിധ ഇടങ്ങളിൽ ഒളിപ്പിച്ചുവെക്കുന്നതാണ് ഇവരുടെ രീതി. സ്ഥലം കൃത്യമായി മനസ്സിലാകുംവിധം അടയാളം സഹിതം വീഡിയോ എടുക്കും. ആവശ്യക്കാർ വിൽപ്പനക്കാർക്ക് ഓൺലൈൻ പേയ്‌മെന്റ് നടത്തണം.അങ്ങനെ ചെയ്താൽ സ്ഥലത്തിന്റെ വിവരവും വീഡിയോയും ഇവർ കൈമാറും. ഇത്തരത്തിൽ കഞ്ചാവിന്റെ ചെറിയ പൊതികൾ വിവിധ ഇടങ്ങളിൽ സൂക്ഷിക്കാൻ എത്തിയപ്പോഴാണ് ഇവർ പിടിയിലായത്.

മലയാളിയായ യുവാവാണ് തങ്ങൾക്ക് ഇവ ചെറിയ പായ്ക്കറ്റുകളിലാക്കി എത്തിച്ചുനൽകുന്ന തെന്ന് പിടിയിലായവർ എക്സൈസ് സംഘത്തോട് പറഞ്ഞു.വ്യാഴാഴ്ച ഉച്ചയ്ക്ക് കുറ്റിപ്പുറം മഞ്ചാടിക്കു സമീപം കണ്ട സായ് മഞ്ജുനാഥിന്റെ പെരുമാറ്റത്തിൽ സംശയംതോന്നിയ എക്സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു.കഞ്ചാവുപൊതി കണ്ടെത്തിയതോടെ കൂടുതൽ ചോദ്യംചെയ്തപ്പോഴാണ് ലഹരിവിൽപ്പനയുടെ ഇടനിലക്കാരനാണെന്നു മനസ്സിലായത്.തുടർന്ന് ആതവനാട് പരിതിയിലുള്ള വാടക ക്വാർട്ടേഴ്സിലെ പരിശോധനയിൽ ഗണ്ട അർജുൻ നായിഡുവിനെ പിടികൂടി.

ചെറിയ പൊതികളാക്കിയാണ് രണ്ടുകിലോയോളം കഞ്ചാവും 58 ഗ്രാം ഹാഷിഷ് ഓയിലും ഒളിപ്പിച്ചനിലയിലുണ്ടായിരുന്നത്.കുറ്റിപ്പുറം എക്സൈസ് ഇൻസ്‌പെക്ടർ പി.എം. അഖിൽ, അസി. എക്സൈസ് ഇൻസ്‌പെക്ടർമരായ പി. പ്രഗോഷ്, കെ. ഗണേശൻ, പ്രിവന്റീവ് ഓഫീസർ എ.വി. ലെനിൻ, അഭിലാഷ് ചിക്കാടിമംഗലം, പി. ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് ലഹരിവേട്ട നടത്തിയത്. പ്രതികളുടെ ഫോൺ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് സംഘം അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *