തിരൂരങ്ങാടി : വീടുകളിലുണ്ടാകുന്ന ബയോ മെഡിക്കൽ മാലിന്യങ്ങൾ കത്തിക്കുന്നതും കുഴിച്ചുമൂടുന്നതും പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതും ഒഴിവാക്കുന്നതിന് തിരൂരങ്ങാടി നഗരസഭയിൽ പദ്ധതിക്ക് തുടക്കമിട്ടു. സാനിറ്ററി നാപ്കിൻ, ഡയപ്പർ, ഗ്ലൗസ്, യൂറിൻ ബാഗുകൾ, ഡ്രസ്സിങ് കോട്ടണുകൾ, പഴയ മരുന്നുകൾ തുടങ്ങിയ ബയോ മെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കുന്നതാണ് പദ്ധതി.ഏജൻസിയായ ‘ആക്രി’യുമായി സഹകരിച്ചാണ് തിരൂരങ്ങാടി നഗരസഭ പദ്ധതി നടപ്പാക്കുന്നത്. ‘ആക്രി’യുടെ 18008905089 ടോൾഫ്രീ നമ്പറിലോ വെബ്‌സൈറ്റ് വഴിയോ വിവരമറിയിച്ചാൽ ഏജൻസി വീടുകളിലെത്തി മാലിന്യം ശേഖരിക്കും. ശേഖരിക്കുന്ന മാലിന്യങ്ങൾക്ക് കിലോഗ്രാമിന് 50 രൂപയും 12 ശതമാനം ജിഎസ്ടി തുകയും വീട്ടുകാർ ഫീസായി നൽകണം. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ്കുട്ടി നിർവഹിച്ചു. ഉപാധ്യക്ഷ സുലൈഖ കാലൊടി അധ്യക്ഷത വഹിച്ചു. ആരോഗ്യ ചെയർമാൻ സി.പി. ഇസ്മായിൽ, ഇക്ബാൽ കല്ലുങ്ങൾ, സോന രതീഷ്, സി.പി. സുഹ്‌റാബി, ക്ലീൻസിറ്റി മാനേജർ പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.