തിരുനാവായ : അപകടമേഖലയായ തിരൂർ-കുറ്റിപ്പുറം റോഡിലെ കൊടക്കൽ വളവ് നിവർത്തുന്നതുമായി ബന്ധപ്പെട്ട് റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. ഇവിടെ പഴയ ബംഗ്ലാവിന്റെ ഭാഗത്ത് റോഡിലേക്ക് തെറിച്ചു നിൽക്കുന്ന പാറ ഇടിച്ചുമാറ്റിയാൽ റോഡ് നിവരുകയും വളവ് ഒഴിവാകുകയുംചെയ്യും. ഭൂമി ഇപ്പോൾ കൈവശമുള്ള വ്യക്തിയുടെ ആധാരം പരിശോധിച്ച് അധികമുള്ള സ്ഥലവും പോരാതെ വരുന്നതിന് മറുഭാഗത്തെ സ്ഥലവും എടുക്കാമെന്നു ധാരണയായി. വളവു നികത്താൻ കുറുക്കോളി മൊയ്തീൻ എംഎൽഎയുടെ ഫണ്ടിൽനിന്ന് 43 ലക്ഷം രൂപ പാസായിട്ട് രണ്ടുവർഷത്തോളമായി. ഇനിയും വൈകിയാൽ ഫണ്ട് വകമാറ്റേണ്ടി വരും. അല്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടും. ഈ സാഹചര്യത്തിലാണ് തിരുനാവായ വില്ലേജ് ഓഫീസർ കിരൺ പ്രഭാകറും സംഘവും സ്ഥലം പരിശോധിച്ചത്. ജനപ്രതിനിധികളും നാട്ടുകാരും ഒപ്പമുണ്ടായിരുന്നു.