തിരൂർ: അടച്ചുപൂട്ടൽ ഭീഷണിയിലാണ്, തപാൽ വകുപ്പിന്റെ തിരൂരിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ഏക ആർഎംഎസ് കേന്ദ്രം. ഇവിടെയുള്ള ഇൻട്രാ സർക്കിൾ ഹബ് (ഐസിഎച്ച്) പൂട്ടുമെന്നാണ് ആശങ്ക. ജില്ലയിലെ റജിസ്റ്റേഡ്, സ്പീഡ്, തപാൽ ഉരുപ്പിടികളെല്ലാം കൈകാര്യം ചെയ്യുന്നത്, തിരൂരിലെ ആർഎംഎസ് കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഐസിഎച്ച് വഴിയാണ്. ആർഎംഎസിൽ, സ്റ്റാംപ് ഒട്ടിച്ച് അയയ്ക്കുന്ന സാധാരണ തപാലാണു കൈകാര്യം ചെയ്യുന്നത്. ഐസിഎച്ച് പൂട്ടിയാൽ പിന്നെ ആർഎംഎസിന്റെ ആവശ്യം ഇല്ലാതാകും. ഇതോടെ ആർഎംഎസും പൂട്ടേണ്ടി വരുമെന്ന സ്ഥിതിയാണ്.
ജൂലൈ രണ്ടാം ആഴ്ച പുറത്തിറങ്ങിയ മെയിൽ പാഴ്സൽ ഒപ്റ്റിമൈസേഷൻ പ്രോജക്ടിന്റെ സജഷൻസ് ആൻഡ് കമന്റ്സ് സർക്കുലറിലാണ് ഐസിഎച്ച് പൂട്ടാമെന്ന നിർദേശം നൽകിയിരി ക്കുന്നത്. കേരള പോസ്റ്റൽ സർക്കിളിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ്പറഞ്ഞി ട്ടുള്ളത്. കാസർകോട് ഐസിഎച്ചും നിർത്താനുള്ള നിർദേശം നൽകിയിട്ടുണ്ട്. മുൻപ്, തിരൂർ റെയിൽവേ സ്റ്റേഷനിലാണ് ആർഎംഎസ് പ്രവർത്തിച്ചിരുന്നത്. ഇവിടത്തെ വികസന പ്രവൃത്തി കളുടെ ഭാഗമായി ആർഎംഎസ് കേന്ദ്രം മാറ്റണമെന്നു റെയിൽവേ ആവശ്യപ്പെട്ടിരുന്നു. ഇതു വലിയ വിവാദങ്ങൾക്കും വഴിവച്ചിരുന്നു.
തുടർന്നു പല തലങ്ങളിലും ചർച്ചകൾ നടക്കുകയും സ്റ്റേഷനിൽ തന്നെ തുടരാൻ അനുവദിക്കുക യും ചെയ്തു. എന്നാൽ പിന്നീടും ആവശ്യമുയർന്നതോടെ കേന്ദ്രം റെയിൽവേ സ്റ്റേഷനിൽനിന്നു മാറ്റി. നിലവിൽ, താഴേപ്പാലത്തെ ബിഎസ്എൻഎൽ കെട്ടിടത്തിലാണ് തപാൽ വകുപ്പിന്റെ ആർഎംഎസ് പ്രവർത്തിക്കുന്നത്. തിരൂരിൽ വർഷങ്ങൾക്കു മുൻപു പോസ്റ്റൽ വകുപ്പ് വാങ്ങിയ സ്ഥലത്തു സ്വന്തം കെട്ടിടം ഉണ്ടാക്കി ആർഎംഎസിന്റെ പ്രവർത്തനം അങ്ങോട്ടു മാറ്റാനുള്ള തയാറെടുപ്പിനിടെയാണ് ഇത്തരമൊരു സ്ഥിതിയുണ്ടായിരിക്കുന്നത്.എം.പി.അബ്ദുസ്സമദ് സമദാനി എംപി ഇവിടെ കെട്ടിടം നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു.ഐസിഎച്ച് പൂട്ടരുതെന്ന് ആവശ്യപ്പെട്ട് എംപി പോസ്റ്റൽ സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിനു കത്തയച്ചിട്ടുണ്ട്.