തിരൂര്‍ : ജില്ലാ ആശുപത്രിയുടെ ആകാശം മുട്ടെയുള്ള സ്വപ്നം, ഒടുവിലിതാ യാഥാർഥ്യത്തി ലേക്കു നീങ്ങുന്നു. ഒൻപതു നിലയുള്ള ഓങ്കോളജി കെട്ടിടം 11ന് തുറക്കാൻ ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനമായി. 2016ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണു കെട്ടിടത്തിനു തറക്കല്ലിട്ടത്. നബാർഡിൽനിന്നു സഹായമായി ലഭിച്ച 28.5 കോടി രൂപ ഉപയോഗിച്ചായിരുന്നു നിർമാണം തുടങ്ങിയത്. തുടക്കത്തിൽ പണി വേഗം നടന്നെങ്കിലും, പിന്നെ കാര്യങ്ങൾ മെല്ലെ പ്പോക്കിലേക്കു നീങ്ങി. ഒടുവിൽ പണി പൂർത്തിയാക്കി, 2022ൽ മരാമത്ത് വകുപ്പ് കെട്ടിടം ആശുപത്രിക്കു കൈമാറി. മറ്റു പണികൾക്കു ജില്ലാ പഞ്ചായത്ത് ഏഴു കോടി രൂപയും ചെലവിട്ടിരുന്നു..
ജില്ലയിലെയും അയൽ ജില്ലകളിലെയും കാൻസർ രോഗികളുടെ ചികിത്സയ്ക്കു വേണ്ടിയാണ് യുഡിഎഫ് സർക്കാരിന്റെ കാലത്തു കെട്ടിടം പണിതത്. എന്നാൽ ഇത്രയും വലിയ കെട്ടിടം പൂർണമായി കാൻസർ ചികിത്സയ്ക്കു മാറ്റിവയ്ക്കേണ്ടതില്ലെന്ന നിലപാടാണ് ഇപ്പോഴത്തെ സർക്കാർ കൈക്കൊണ്ടത്. ഇവിടേക്ക് ആവശ്യമുള്ള ചികിത്സാ സംവിധാനങ്ങൾക്കുള്ള തുകയും അനുവദിച്ചില്ല. ഇതിനിടെ ആശുപത്രിയിലെ മറ്റു ചികിത്സാവിഭാഗങ്ങൾ ഈ കെട്ടിടത്തിലേക്കു മാറ്റാനുള്ള നിർദേശം ആരോഗ്യവകുപ്പ് നൽകുകയും ചെയ്തു.
എന്നാൽ കെട്ടിട നമ്പർ അനുവദിച്ചു കിട്ടാത്തത് അതിനും പ്രയാസമുണ്ടാക്കി. ഫയർ എൻഒസി അടക്കമുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കാതിരുന്നതിനാൽ നഗരസഭ കെട്ടിട നമ്പർ അനുവദിച്ചില്ല. കൂടാതെ ഈ കെട്ടിടത്തിലേക്കുള്ള വഴിക്കു വീതിയില്ലെന്നതും തടസ്സമായി. ഇതെല്ലാം പരിഹരിച്ചതോടെയാണു നമ്പർ ലഭിച്ചത്. കൂടാതെ മന്ത്രി എം.ബി.രാജേഷ് പ്രശ്നത്തിൽ ഇടപെടുകയും എട്ട് അപാകതകൾ ഇളവു ചെയ്തു നമ്പർ നൽകാൻ തദ്ദേശവകുപ്പിനു നിർദേശം നൽകുകയും ചെയ്തിരുന്നു.
നാലു നിലകൾക്കാണു നിലവിൽ നമ്പർ ലഭിച്ചിട്ടുള്ളത്. ഈ നിലകളിൽ ഒന്നിൽ കാൻസർ വിഭാഗം പ്രവർത്തിക്കും. ഫിസിയോതെറപ്പി യൂണിറ്റും ഇവിടേക്കു മാറ്റാൻ തീരുമാനമുണ്ട്. ആശുപത്രിയിലെ മരുന്നുവിതരണ കേന്ദ്രവും ഈ കെട്ടിടത്തിലേക്കു മാറ്റും. വേറെ ഏതൊക്കെ വിഭാഗങ്ങൾ ഇങ്ങോട്ടു മാറ്റണമെന്നതിനെ കുറിച്ച് അടുത്ത ദിവസങ്ങളിൽ ചർച്ച നടക്കും. പുതിയ ബ്ലോക്കിൽ മാമോഗ്രാം പരിശോധനയ്ക്കുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ ആദ്യമായാണു സർക്കാർ ആശുപത്രിയിൽ മാമോഗ്രാം പരിശോധനാ സംവിധാനം ഒരുക്കുന്നത്.
11ന് നടക്കുന്ന ചടങ്ങിൽ കെട്ടിടം മന്ത്രി വീണാ ജോർജും മാമോഗ്രാം പരിശോധനാ സംവിധാനം മന്ത്രി വി.അബ്ദുറഹിമാനും ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീൻ എംഎൽഎ പങ്കെടുക്കും. ചടങ്ങുമായി ബന്ധപ്പെട്ട് ഇന്നലത്തെ സംഘാടക സമിതി യോഗം കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ആധ്യക്ഷ്യം വഹിച്ചു. സ്ഥിരസമിതി അധ്യക്ഷ നസീബ അസീസ്, നഗരസഭാധ്യക്ഷ എ.പി.നസീമ എന്നിവർ പ്രസംഗിച്ചു.