തിരൂർ: പഠനത്തോടൊപ്പം മികച്ച കായികതാരങ്ങളെ വളർത്തിയെടുക്കാനുള്ള പരിശ്രമ ത്തിലാണ് വെട്ടം പടിയം കുറ്റിയിൽ എയുപി സ്‌കൂൾ മാനേജ്മെന്റും അധ്യാപകരും. ഇതിനായി സ്‌കൂൾവളപ്പിൽ മാനേജ്മെന്റ് ടർഫ് ഒരുക്കിക്കഴിഞ്ഞു. 15 ലക്ഷം രൂപ ചെലവിൽ പണിത ടർഫിൽ ഇനി കാൽപ്പന്തിന്റെ കളിയാരവം മുഴങ്ങും. കുട്ടികളിൽ ലഹരിക്കെതിരേ ബോധ വത്കരണത്തിനാണ് ‘കളിയാണ് ലഹരി’ എന്ന സന്ദേശവുമായി ഇവിടെ ടർഫ് ഒരുക്കിയത്. കുട്ടികളുടെ ആരോഗ്യസംരക്ഷണവും കായികവളർച്ചയും ടർഫ് നിർമിച്ചതിലൂടെ മാനേജ്മെന്റ് ലക്ഷ്യമിടുന്നുണ്ടെന്ന് മാനേജ്മെന്റ് പ്രതിനിധികളായ കുറ്റിയിൽ ശിവദാസ്, കുറ്റിയിൽ ഷാബു എന്നിവർ പറഞ്ഞു.
1976-ൽ സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ പ്രവർത്തകനായിരുന്ന അന്തരിച്ച കുറ്റിയിൽ കറപ്പനാണ് തീരദേശമേഖലയിലെ വിദ്യാർഥികളുടെ ഉന്നമനം ലക്ഷ്യമാക്കി രണ്ടു ഡിവിഷനു കളിലായി 80 കുട്ടികളുമായി കുറ്റിയിൽ എയുപി സ്‌കൂൾ തുടങ്ങിയത്. ഇന്ന് 500 കുട്ടികൾ ഇവിടെ പഠിക്കുന്നു. കുറ്റിയിൽ കാർത്ത്യായനിയമ്മയാണ് സ്‌കൂൾ മാനേജർ കെ. ലിഷയാണ് പ്രഥമാ ധ്യാപിക. ഹംസക്കുട്ടി പൊറ്റയിൽ പിടിഎ പ്രസിഡന്റും എം. നിഷ എംടിഎ പ്രസിഡന്റും എ. ഹസീന സ്റ്റാഫ് സെക്രട്ടറിയുമാണ്.
ഒറുവിൽ മുഹ്സിൻ, ഫാജിസ് എന്നിവരാണ് കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്നത്. സ്‌കൂളിലൊരുക്കിയ ടർഫ് വെള്ളിയാഴ്‌ച രാവിലെ പത്തിന് മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യും. കായികോപകരണങ്ങൾ കുറുക്കോളി മൊയ്തീൻ എംഎൽഎ വിതരണംചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി, ഡിഇഒ ഇൻ ചാർജ് ആർ.പി. ബാബുരാജ്, സ്‌കൂൾ മാനേജർ കുറ്റിയിൽ കാർത്ത്യായനിയമ്മ എന്നിവർ പ്രസംഗിക്കും. പിഎച്ച്ഡി നേടിയ പൂർവവിദ്യാർഥിയും അധ്യാപികയുമായ സുബിയെ മന്ത്രി ആദരിക്കും. ഉച്ചയ്ക്ക് രണ്ടിന് സ്‌കൂൾ ടീമിന്റെ പ്രദർശന ഫുട്ബോൾ മത്സരവും നടക്കും.