പട്ടയ വിതരണത്തില്‍ സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായി റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല പട്ടയ വിതരണ പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് നടന്ന ജില്ലാതല പട്ടയ വിതരണ പരിപാടിയില്‍ പട്ടയ വിതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.3342 പേര്‍ക്ക് പട്ടയം വിതരണം ചെയ്യുന്ന മലപ്പുറം പട്ടയ വിതരണത്തില്‍ സംസ്ഥാനത്ത് തന്നെ മുന്നിട്ടുനില്‍ക്കുന്നു. എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും പട്ടയ വിതരണത്തിന് ജീവനക്കാരുടെ ശ്രമമുണ്ടായതുകൊണ്ടാണ് ജില്ലയില്‍ ഇത്രയും പട്ടയങ്ങള്‍ നല്‍കാന്‍ കഴിഞ്ഞത്.

പട്ടയ വിതരണ ചരിത്രത്തില്‍ കുറഞ്ഞകാലം കൊണ്ട് കൂടുതല്‍ പട്ടയം നല്‍കാന്‍ ജില്ലയ്ക്ക് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് സ്വാഗതം പറഞ്ഞു. പി. ഉബൈദുല്ല എം.എല്‍.എ, മഞ്ഞളാംകുഴി അലി എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) വി.ടി. ഘോളി നന്ദി പറഞ്ഞു. എ.ഡി.എം കെ. ദേവകി, വാര്‍ഡ് കൗണ്‍സിലര്‍ ശബ്‌ന മന്‍സൂര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു. തൃശൂരില്‍ വച്ച് നടന്ന പട്ടയവിതരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പരിപാടിയില്‍ റവന്യൂ മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *