പെരുമ്പടപ്പ് ∙ പൊന്നാനി കോളിലെ നുറടിത്തോട്ടിൽ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന ബണ്ടുകൾക്കു മുകളിൽ വെള്ളം കയറുന്നു. കോൾ മേഖലയിൽ ഒരേ സമയം പമ്പിങ് ആരംഭിച്ചതും വൃഷ്ടി പ്രദേശങ്ങളിൽ ഇടയ്ക്കിടെ മഴ പെയ്യുന്നതും കാരണം നുറടിത്തോട്ടിൽ ജലനിരപ്പ് അനുദിനം ഉയർന്നുകൊണ്ടിരിക്കുകയാണ്. ബിയ്യം റഗുലേറ്ററിന്റെ 2 ഷട്ടർ ഉയർത്തി ജലനിരപ്പ് താഴ്ത്തുന്നുണ്ടെങ്കിലും തോട്ടിൽ കെട്ടിക്കിടക്കുന്ന പായൽ കാരണം കോളിന്റെ തെക്കൻ മേഖലയിൽ നിന്ന് വെള്ളക്കെട്ട് ഒഴിയുന്നില്ല.
കൃഷി തുടങ്ങുന്ന സമയത്ത് തോട്ടിൽ വെള്ളം ശേഖരിച്ചുവയക്കുകയും കൃഷിയുടെ അവസാന സമയങ്ങളിൽ കൃഷിക്ക് ഉപയോഗിക്കുന്നതിനുമാണ് നുറടിത്തോട്ടിൽ വെള്ളം കെട്ടി നിർത്തുന്നത്. എന്നാൽ സംഭരണശേഷിക്കു മുകളിലായതിനാൽ തോടിന്റെ സമീപത്തുള്ള പാടശേഖരങ്ങളിലെ ബണ്ടുകൾക്ക് ഭീഷണിയായത് മൂലം റഗുലേറ്റർ വഴി വെള്ളം ഒഴുക്കിവിട്ടാണ് ജലനിരപ്പ് കുറയ്ക്കുന്നത്.ഒഴുക്ക് തടസ്സപ്പെടുത്തുന്ന പായലും കുറ്റിമരങ്ങളും കർഷകർതന്നെ മാറ്റുന്നുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ പായൽ വീണ്ടും ഒഴുകി എത്തുകയാണ്. ചെറവല്ലൂർ പാലത്തിന് സമീപം പായൽ നിറഞ്ഞതോടെ കോൾ മേഖലയിലെ തെക്കൻ മേഖലയിലും വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്.