തിരൂർ: പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങൾ കൂടുതൽ ജില്ലയിൽ. കഴിഞ്ഞ 2 വർഷത്തിനിടെ ഇത്തരം അപകടങ്ങൾ 60 ശതമാനം വർധിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പൊലീസും മോട്ടർ വാഹന വകുപ്പും കർശന നടപടികൾ തുടങ്ങി. 18 വയസ്സ് പൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങൾക്കു വാഹന നിയമം 192 എ(1) പ്രകാരം പൂർണ ഉത്തരവാദി കുട്ടിയുടെ രക്ഷിതാവോ വാഹന ഉടമയോ ആയിരിക്കും. കുറ്റകൃത്യം കണ്ടെത്തിയാൽ കേസെടുത്ത് വാഹനം കണ്ടുകെട്ടി കോടതിയിൽ കേസ് ഫയൽ ചെയ്യും. കുറ്റം തെളിഞ്ഞാൽ രക്ഷകർത്താവിന് അല്ലെങ്കിൽ വാഹന ഉടമയ്ക്ക് 3 വർഷം വരെ തടവും 25000 രൂപ പിഴയും ലഭിക്കും. കൂടാതെ സെഷൻ 199 എ(4) പ്രകാരം കുട്ടി ഉപയോഗിച്ച വാഹനത്തിന്റെ റജിസ്ട്രേഷൻ ഒരു വർഷം സസ്പെൻഡ് ചെയ്യും. ഇതിനെല്ലാം പുറമേ വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ്സ് ആകുന്നത് വരെ ലൈസൻസ് എടുക്കുന്നതിന് വിലക്കും ഏർപ്പെടുത്തുമെന്നതാണ് പുതിയ നടപടി. ഇത് ഒരാളുടെ വിദ്യാഭ്യാസത്തെയും ജോലിയെയും വരെ ബാധിക്കും.

12 മുതൽ 17 വയസ്സു വരെയുള്ള കുട്ടികൾ ജില്ലയിൽ ബൈക്ക്, കാർ തുടങ്ങിയ വാഹനങ്ങൾ ഓടിക്കുന്നത് സാധാരണയായി മാറിക്കഴിഞ്ഞതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ അശ്രദ്ധ മൂലം ഒട്ടേറെ അപകടങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും രക്ഷിതാക്കൾ വൻതുക നൽകി കേസാക്കാതെ ഒത്തുതീർപ്പാക്കുന്നത് കുട്ടികളെ വീണ്ടും കുറ്റകൃത്യങ്ങൾ നടത്തുവാൻ പ്രേരിപ്പിക്കുന്നതായാണ് അധികൃതർ വിലയിരുത്തുന്നത്. എന്നാൽ കുട്ടി വാഹനം ഓടിച്ച് അപകടം സംഭവിച്ചതിനെ തുടർന്ന് ശിക്ഷ അനുഭവിക്കേണ്ടി വന്നവരും വീട് വരെ പണയപ്പെടുത്തി നഷ്ടപരിഹാരം നൽകേണ്ടി വന്നവരും ജില്ലയിലുണ്ട്. എന്നിട്ടും രക്ഷിതാക്കളുടെ അറിവോടെ കുട്ടികൾ സ്കൂളിലേക്കു വരെ ബൈക്കുകളിലും കാറിലും എത്തുന്നതായി പൊലീസ് പറഞ്ഞു. കുട്ടി ഡ്രൈവർമാരെ പിടികൂടുന്നതിനായി ജില്ലയിൽ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രത്യേക സ്ക്വാഡ് രൂപവൽക്കരിച്ച് കർശന പരിശോധനയും നടപടികളും ആരംഭിച്ചിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *