എരമംഗലം: പുതിയ ബണ്ട് നിർമിച്ച പ്രതീക്ഷയിൽ നരണിപ്പുഴ-കുമ്മിപ്പാലം പാടശേഖരത്ത് കൃഷി ഇറക്കിയ കർഷകർക്ക് ബണ്ട് തകർന്നത് വലിയ തിരിച്ചടിയായി. കാൽ നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ഒടുവിലാണ് വെളിയങ്കോട് പഞ്ചായത്തിലെ പ്രധാന നെൽക്കൃഷി കേന്ദ്രമായ നരണിപ്പുഴ-കുമ്മിപ്പാലം പാടശേഖരത്ത് കഴിഞ്ഞ സീസണിൽ പുതിയ ബണ്ട് നിർമാണം ആരംഭിച്ചത്. ഈ സമയം കൃഷി ഇറക്കാതെ തരിശിട്ടാണ് കർഷകർ ബണ്ട് നിർമാണവുമായി സഹകരിച്ചത്. കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഒരുമാസം മുൻപുതന്നെ പമ്പിങ് ആരംഭിക്കുകയും നേരത്തേ കൃഷി ഇറക്കാനും തീരുമാനിച്ചിരുന്നു.

നടീലിനായി ഒട്ടുമിക്ക പാടങ്ങളും നിലം ഒരുക്കി നടീൽ നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച രാവിലെ ബണ്ട് തകർന്നത്. വായ്പ എടുത്ത് കൃഷി ഇറക്കിയ കർഷകർക്കാണ് വലിയ നഷ്ടം ഉണ്ടായത്. ബണ്ട് തകർച്ചയിൽ വെള്ളം മൂടിയതിനാൽ ഏക്കറിന് ശരാശരി 15,000 രൂപ മുതൽ 20,000 രൂപ വരെയാണ് കർഷകർക്ക് നഷ്ടം ഉണ്ടായത്. തകർന്ന ബണ്ട് പുനർ നിർമിക്കുന്നതിനായി നടപടികൾ സ്വീകരിച്ചതായി ബണ്ട് സന്ദർശിച്ച ശേഷം പി.നന്ദകുമാർ എംഎൽഎ അറിയിച്ചു.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.സിന്ധു, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയിൽ, എഡിഎ എം.വി.വിനയൻ, കൃഷി ഓഫിസർ വി.കെ.ലെമിന, കെഎൽഡിസി അംഗം പി.കെ.കൃഷ്ണദാസ്, പൊന്നാനി കോൾ സംരക്ഷണ സമിതി സെക്രട്ടറി കെ.എ.ജയാനന്ദൻ, വൈസ് പ്രസിഡന്റ് സി.കെ.പ്രഭാകരൻ എന്നിവരും സന്ദർശിച്ചു.

തകർന്ന ബണ്ട് ഉടൻപുനർനിർമിക്കും

നരണിപ്പുഴ-കുമ്മിപ്പാലത്ത് വീണ്ടും കൃഷി ഇറക്കുന്നതിനായി തകർന്ന ബണ്ട് പുനർനിർമിക്കാൻ കെഎൽഡിസിയുടെ തീരുമാനം. ബണ്ടിനടിയിലെ മണ്ണ് താഴ്ന്നുപോയതോടെ 70 മീറ്റർ നീളത്തിലാണ് ബണ്ട് ഒലിച്ചു പോയത്. തകർന്ന ഭാഗങ്ങളിൽ ആഴം 3 മീറ്ററിന് മുകളിലായതിനാൽ ബണ്ട് വരുന്ന ഭാഗങ്ങളിൽ തെങ്ങുകുറ്റികൾ സ്ഥാപിച്ചാകും ബണ്ട് നിർമിക്കുക. തെങ്ങുകുറ്റികൾ സ്ഥാപിക്കുന്ന ജോലികൾ ഇൗ ആഴ്ച തുടങ്ങാനും ബണ്ട് പുനർ നിർമിക്കാനും കരാറുകാരനെ കെഎൽഡിസി ചുമതലപ്പെടുത്തിയിട്ടുണ്ട്. കുറ്റികൾ നാട്ടിയ ശേഷം തകർന്ന സ്ഥലത്ത് മണ്ണിട്ട് ഉയർത്തും. മണ്ണ് എത്തിക്കുന്ന ജോലികളും ഉടൻ ആരംഭിക്കുമെന്ന് കെഎൽഡിസി അറിയിച്ചു.

വീണ്ടും കൃഷി ഇറക്കുന്നതിനായി മൂപ്പ് കുറഞ്ഞ നെൽവിത്ത് കർഷകർക്ക് സൗജന്യമായി നൽകാനും കൃഷി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കെൽഡിസി ചീഫ് എൻജിനീയർ ‍പി.കെ.ശാലിനി, പ്രോജക്ട് എൻജിനീയർ സി.കെ.ഷാജി, അസി. എൻജിനീയർമാരായ ജസ്റ്റിൻ തോമസ്, പി.ബാബു എന്നിവർ തകർന്ന ബണ്ട് പരിശോധന നടത്തി എസ്റ്റിമേറ്റ് തയാറാക്കി.

Related Post

Leave a Reply

Your email address will not be published. Required fields are marked *