മംഗലം : പഞ്ചായത്തും നാട്ടുകാരും വിദ്യാർഥികളും ഒന്നിച്ചതോടെ കൂട്ടായി കാശ്മീർ ബീച്ചിന് തിളക്കമേറി. നമ്മുടെ കൂട്ടായി എന്ന വലിയ അലങ്കാരബോർഡ് സ്ഥാപിച്ച കാശ്മീർ ബീച്ചിലേക്ക് ദിനേന നിരവധി സഞ്ചാരികളാണെത്തുന്നത്. സംസ്ഥാനത്തു തന്നെ മനോഹരമായ തീരപ്രദേശങ്ങളിലൊന്നായ കൂട്ടായിയിലെ കടലോരപ്രദേശങ്ങൾ കൂടുതൽ വിനോദസഞ്ചാരപ്രിയമാക്കാനുള്ള പദ്ധതിയാണ് മംഗലം പഞ്ചായത്ത് ആവിഷ്കരിച്ചിരിക്കുന്നത്.
വൃത്തിയും സൗന്ദര്യവുമുള്ള തീരപ്രദേശം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ ഒന്നാംവാർഡായ ആശാൻപടിയിൽനിന്നാണ് പദ്ധതിക്കു തുടക്കമിട്ടത്. പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ മൂന്നു ലക്ഷം രൂപയാണ് ബീച്ചിന്റെയും അനുബന്ധസ്ഥലങ്ങളുടെയും സൗന്ദര്യവത്കരണത്തിന് ഉപയോഗിച്ചത്. വാടിക്കൽ ബീച്ച് വരെയുള്ള നാലു കിലോമീറ്റർ ഭാഗത്ത് ചെലവ് കുറഞ്ഞ രീതിയിൽ ഇരിപ്പിടങ്ങൾ സ്ഥാപിച്ച് തണൽമരങ്ങൾ നട്ടുപിടിപ്പിക്കും. കോൺക്രീറ്റ് ബെഞ്ചുകളും തെങ്ങിൻകുറ്റി ഉപയോഗിച്ചുള്ള ഇരിപ്പിടങ്ങളുമാണ് ഇപ്പോൾ സ്ഥാപിച്ചത്.
കൂട്ടായി എം.എം.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ്. വിദ്യാർഥികളാണ് സ്നേഹാരാമം പദ്ധതിയിൽ പുതിയ ഇരിപ്പിടമൊരുക്കിയത്. പ്രദേശത്തെ സിനിമ പ്രവർത്തകൻ ആർട്ടിസ്റ്റ് സുധീർ താണിക്കാടാണ് അലങ്കാരങ്ങളൊരുക്കിയത്. ഒരു മാസം മുമ്പ് വരെ ഏറെ മാലിന്യങ്ങൾ നിറഞ്ഞ ഈ പ്രദേശം വലിയ പരിശ്രമങ്ങൾക്കൊടുവിലാണ് മനോഹരമാക്കിയെടുത്തത്.
മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി, വാർഡംഗം പി.പി. ഷെബീബ്, എൻ.എസ്.എസ്. യൂണിറ്റ്, നാട്ടുകാർ തുടങ്ങിയവർ നേതൃത്വംനൽകി.