പൊന്നാനി: അഴിമുഖത്തെ ബോട്ട് സർവീസ് നിയന്ത്രണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാർ ജില്ലാ കലക്ടർക്ക് കത്ത് നൽകി. ലൈസൻസില്ലാത്ത എൻജിൻ ഡ്രൈവർ ബോട്ട് ഓടിക്കുന്നതും അമിതമായി യാത്രക്കാരെ കുത്തിക്കയറ്റുന്നതും സമയ പരിധി കഴിഞ്ഞും ബോട്ടുകൾ സർവീസ് നടത്തുന്നതും ശ്രദ്ധയിൽപെട്ടത് ചൂണ്ടിക്കാട്ടിയാണ് തഹസിൽദാർ കലക്ടർക്ക് കത്ത് നൽകിയിരിക്കുന്നത്. ഉല്ലാസ ബോട്ട് സർവീസ് നിയന്ത്രണ വിധേയമാക്കുന്നതിന് പൊലീസിന്റെയും തുറമുഖ വകുപ്പിന്റെയും അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.
കോഴിക്കോട് പോർട്ട് ഓഫിസറുടെ നിർദേശപ്രകാരം 2 തവണ പൊന്നാനിയിൽ പരിശോധന നടന്നപ്പോഴും ലൈസൻസില്ലാത്ത എൻജിൻ ഡ്രൈവർ ബോട്ട് ഓടിക്കുന്നത് കയ്യോടെ പിടികൂടിയിരുന്നു.
തുടർന്ന് പിഴ അടപ്പിച്ച ശേഷമാണ് ബോട്ട് സർവീസ് പുനരാരംഭിക്കാൻ അനുമതി നൽകിയത്. അവധി ദിവസങ്ങളിൽ ബോട്ടിൽ അമിത യാത്രക്കാരെ കുത്തിക്കയറ്റി സർവീസ് നടത്തുന്നത് പതിവാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിട്ടും കർശന നടപടികളുണ്ടാകുന്നില്ല. ലൈഫ് ജാക്കറ്റ് പോലും ധരിക്കാതെയാണ് യാത്രക്കാർ ബോട്ടിൽ യാത്ര ചെയ്യുന്നത്.