എരമംഗലം: വെളിയംകോട് ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ മാനേജ്മെൻ്റ് കമ്മിറ്റിയുടെ നേത്യത്വത്തിൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ സഹായത്തോടെ നടപ്പാക്കി വരുന്ന കടലാമ സംരക്ഷണത്തിൻ്റെ ഭാഗമായി വെളിയങ്കോട് പത്തുമുറി – കരിമ്പുല്ല് കടൽത്തീരത്ത് ശേഖരിച്ച് സംരക്ഷിച്ച് വിരിയിച്ചെടുത്ത കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് ഒഴുക്കലിൻ്റെ ഒന്നാം ഘട്ടഉദ്ഘാടനം ബി എം. സി. ചെയർമാൻ കൂടിയായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിർവ്വഹിച്ചു.
വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കടലാമകളെ സംരക്ഷണം ഏറ്റെടുത്ത് കടലാമ മുട്ട ശേഖരിക്കുന്നതിനും സംരക്ഷിക്കുതിനും വിരിയിച്ചെടുക്കുന്നതിനും പഞ്ചായത്ത് തലത്തിൽ പദ്ധതി തയ്യാറാക്കി പ്രവർത്തിച്ചു വരുന്ന സംസ്ഥാനത്ത് തന്നെ ഏക ഗ്രാമ പഞ്ചായത്ത് ആണ് വെളിയങ്കോട് പഞ്ചായത്ത്. ലോകത്താകമാനം കണ്ടു വരുന്ന എട്ടിനം കടലാമകളിൾ ഒലിവ് റിഡലി എന്ന ഇനം കടലാമയാണ് വെളിയങ്കോട് പൊന്നാനി അഴിമുഖത്ത് പ്രജനനത്തിനായി വന്നു കൊണ്ടിരിക്കുന്നത്. ഈ പ്രദേശത്തെ പ്രത്യേക ആവാസ വ്യവസ്ഥയിൽ ഡിസംബർ അവസാനം മുതൽ ഏപ്രിൽ മാസ കാലയളവിലാണ് കടലാമകൾ കരയിൽ കയറി മുട്ടയിടുന്നത്. ഗ്രാമ പഞ്ചായത്തിൻ്റെ കീഴിൽ കടലാമ മുട്ട ശേഖരിക്കുന്നതിനും , സംരക്ഷിക്കുന്നതിനും നാല് വ്യക്തികളെ പരിപാലനത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇത് വരെ ശേഖരിച്ച 4200 റോളം മുട്ടകളിൾ ആദ്യ ഘട്ടത്തിൽ വിരിഞ്ഞവയാണ് കടലിൽ ഇറക്കിയത്.
ചടങ്ങിൽ ജില്ലാ ജൈവ വൈവിദ്ധ്യ ബോർഡ് കോ – ഓർഡിനേറ്റർ ആർ. അനിൽ കുമാർ
അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ഷരീഫ മുഹമ്മദ്, കോസ്റ്റൽ പോലീസ് ആൽബർട്ട് , കടലാമ ഗവേഷക കവിത, ഹരിത കേരളം റിസോഴ്സ് പേഴ്സൺ കെ പി രാജൻ തുടങ്ങിയവർ ആശംസ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റസലത്ത് സെക്കീർ, റമീന ഇസ്മയിൽ, പി പ്രിയ, കോസ്റ്റൽ പോലീസ് അജയ്, ബി. എം. സി. അംഗങ്ങളായ സിദ്ധീഖ് വളപ്പിലകായിൽ, ഹസ്സൻക്കുട്ടി, മഞ്ചേരി വിജയൻ, ദാസൻ ചെറാത്ത്, കടലാമ പരിപാലകരായ മുഹമ്മദ് കുരുക്കളകത്ത്, പി.കെ ഫൈസൽ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു .