തിരൂർ: നഗരസഭയുടെ കോരങ്ങത്തുള്ള ഇഎംഎസ് പാർക്ക് നടത്തിപ്പുകാരുമായി നഗരസഭ ഒപ്പുവച്ച കരാറിലെ വ്യവസ്ഥകൾ മുഴുവൻ 10 ദിവസത്തിനകം പാലിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. 8 വർഷത്തോളം അടച്ചിട്ട പാർക്ക് ഏറെ മുറവിളികൾക്കു ശേഷമാണ് തുറന്നത്. പൊതു ടെൻഡറിലൂടെ നിള ഹോളിഡേയ്സ് എന്ന കമ്പനി ഇതിന്റെ നടത്തിപ്പ് കരാർ ഏറ്റെടുത്തു. 2023 ജനുവരി 26ന് പാർക്ക് തുറന്നു പ്രവർത്തിക്കുകയും ചെയ്തു. കരാറെടുത്ത കമ്പനി ഇവിടെ രണ്ടരക്കോടി രൂപ മുടക്കി നവീകരണം നടത്തുകയും ചെയ്തു. ഉദ്യാന നിർമാണം, അമ്യൂസ്മെന്റ്, ഗെയിംസ് ഉപകരണങ്ങൾ എന്നിവ സ്ഥാപിച്ചിരുന്നു. എന്നാൽ കരാർ പ്രകാരം നഗരസഭ ചെയ്തു നൽകേണ്ട പല കാര്യങ്ങളിലും വീഴ്ച വരുത്തിയതായി കമ്പനി അധികൃതർ പരാതിപ്പെട്ടിരുന്നു. കരാർ പ്രകാരം വെള്ളം, വൈദ്യുതി, ലൈസൻസ് എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകേണ്ടത് നഗരസഭയുടെ ചുമതലയാണ്.

എന്നാൽ ഇക്കാര്യത്തിൽ നഗരസഭ അലംഭാവം കാട്ടിയെന്ന് കമ്പനി അധികൃതർ പറയുന്നു. വെള്ളവും ലൈസൻസുമില്ലാതെയാണു പാർക്ക് കഴിഞ്ഞ ഒരു വർഷം പ്രവർത്തിച്ചത്.ഇതിനാ‍ൽ പാർക്കിലെ ഷോപ്പുകൾക്ക് പൂർണമായി പ്രവർത്തിക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ ഒരു വർഷം കൊണ്ട് 10 ലക്ഷം രൂപയോളം നഷ്ടമുണ്ടായെന്നും കമ്പനി അധികൃതർ പറയുന്നുനഗരസഭ സെക്രട്ടറിക്കും കൗൺസിലിനും ഒട്ടേറെ അപേക്ഷകൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. പാർക്ക് പൂട്ടിക്കുമെന്ന നിലപാടാണ് ഉദ്യോഗസ്ഥർക്കുണ്ടായിരുന്നതെന്നും കമ്പനി അധികൃതർ ആരോപിക്കുന്നു. ഇതോടെയാണ് നടത്തിപ്പുകാർ ഹൈക്കോടതിയെ സമീപിച്ചത്. നഗരസഭ 10 ദിവസത്തിനകം വ്യവസ്ഥകൾ പാലിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതർ പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *