എരമംഗലം : ദേശീയപാത വികസനത്തിന്റെ നിർമാണങ്ങൾ പുരോഗമിക്കുന്ന വെളിയങ്കോട് അങ്ങാടിയിലെ അടിപ്പാതയിലൂടെയുള്ള ഗതാഗതവും തെരുവുകച്ചവടവും നിരോധിച്ചു.
അടിപ്പാതയ്ക്കു മുകളിൽ നിർമാണം നടക്കുന്നതിനാൽ അപകടം ഒഴിവാക്കുന്നതിനായാണ് നിരോധനമെന്നാണ് ദേശീയപാതാ അധികൃതർ പറയുന്നത്. ഏറെ തിരക്കേറിയ വെളിയങ്കോട് അങ്ങാടിയിലെ അടിപ്പാത പൂർണമായെല്ലെങ്കിലും ഭാഗികമായി ഇതിലൂടെ ഇരുഭാഗത്തുനിന്നായെത്തുന്ന വാഹനങ്ങൾക്ക് റോഡ് മുറിച്ചുകടക്കുന്നതിന് സൗകര്യമുണ്ടായിരുന്നു.
അടിപ്പാതയിലൂടെയുള്ള ഗതാഗതം ബുധനാഴ്ച മുതൽ മുടങ്ങിയതോടെ നിലവിൽ ഒരു കിലോമീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിച്ചാൽമാത്രമാണ് റോഡ് മുറിച്ചു കടക്കാനാവുക.
ചെറിയ പെരുന്നാൾത്തിരക്ക് കൂടിയായതോടെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ തിരിച്ചടിയായിരിക്കുകയാണ് അടിപ്പാതയിലെ ഗതാഗത നിരോധനം. കാൽനടയാത്രക്കാർ സാഹസികമായാണ് അടിപ്പാതയിലൂടെ റോഡ് മുറിച്ചുകടക്കുന്നത്.