പൊന്നാനി : ഫിഷ് ലാൻഡിങ് സെന്റർ പദ്ധതി വെറും വാക്കു മാത്രം. മണൽത്തിട്ട ഭീഷണിയിൽ പുതുപൊന്നാനി അഴിമുഖം. ആഴംകൂട്ടൽ പ്രഖ്യാപനങ്ങളും ഫിഷ് ലാൻഡിങ് സെന്ററും അധികൃതർക്ക് ഇതുവരെയും നടപ്പാക്കാൻ കഴിഞ്ഞില്ല. മീൻപിടിത്ത യാനങ്ങൾക്കു ദുരിതകാലമാണ്. യാനങ്ങൾ മണൽത്തിട്ടയിലിടിച്ചു തകരുന്നതു പതിവായിട്ടും നടപടിയൊന്നും ഉണ്ടാകുന്നില്ല. പുതുപൊന്നാനി അഴിമുഖം കേന്ദ്രീകരിച്ച് ഒട്ടേറെ വള്ളങ്ങൾ മീൻപിടിത്തം നടത്തുന്നുണ്ട്. ഇൗ ഭാഗത്തു മണൽത്തിട്ട ഭീഷണി ഒഴിവാക്കിയില്ലെങ്കിൽ മേഖലയിൽ വൻദുരന്തങ്ങളുണ്ടാകുമെന്നു മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടി.
പലരും ഏറെ ദൂരം താണ്ടി പൊന്നാനി ഫിഷിങ് ഹാർബറിലേക്കു പോകേണ്ട സ്ഥിതിയുണ്ട്. പുതുപൊന്നാനിയിൽ പുതിയ ലാൻഡിങ് സെന്ററുണ്ടായാൽ മീൻപിടിത്ത മേഖലയ്ക്ക് ഏറെ ഗുണകരമാകും. ഇതിനായി നേരത്തേ പദ്ധതികൾ തയാറാക്കിയിരുന്നെങ്കിലും തുടർനടപടികളിലേക്കെത്താൻ അധികൃതർക്കു കഴിഞ്ഞില്ല. മണൽത്തിട്ട ഭീഷണി ഒഴിവാക്കുന്നതിനായി പി.നന്ദകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ ആഴംകൂട്ടൽ നടപടികൾക്കു മുൻകയ്യെടുത്തിരുന്നെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല. പലപ്പോഴായി മീൻപിടിത്ത വള്ളങ്ങൾ മണൽത്തിട്ടയിലിടിച്ചു തകർന്നിട്ടുണ്ട്. ഇവയ്ക്കുള്ള നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ലെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു.