തിരൂർ (മലപ്പുറം)∙ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ച പ്രതി പൊലീസ് ധരിപ്പിച്ച വിലങ്ങിൽനിന്ന് കൈ ഊരിയെടുത്ത് ഓടിരക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെ തിരൂർ ജില്ലാ ആശുപത്രിയിലാണു സംഭവം. പറവണ്ണ സ്വദേശി റബീഹ് (22) ആണു രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച അർധരാത്രി പറവണ്ണയിലുണ്ടായ അടിപിടിയെ തുടർന്നാണ് റബീഹിനെ ഉച്ചയ്ക്ക് 2 മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി തിരൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചതായിരുന്നു.

റിമാൻഡിൽനിന്നു കസ്റ്റഡിയിലെടുത്ത മറ്റൊരു പ്രതിയും കൂടെയുണ്ടായിരുന്നു. ഇരുവരുടെയും കൈകളിൽ വിലങ്ങ് ധരിപ്പിച്ചാണ് ആശുപത്രിയിൽ എത്തിച്ചത്. കൂടെ 3 പൊലീസുകാരും ഉണ്ടായിരുന്നു. എന്നാൽ ആശുപത്രിയിൽ കയറിയ ഉടൻ റബീഹ് വിലങ്ങിൽനിന്ന് കൈ ഊരിയെടുത്ത് ഇറങ്ങിയോടി.

കൂടെ പൊലീസുകാരും ഓടിയെങ്കിലും ഇയാളെ കിട്ടിയില്ല. അടുത്തുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ ഒരു വശം കടന്നാണ് റബീഹ് ഓടിയത്. ഒരാൾ അഗ്നിരക്ഷാസേനാ ഓഫിസിന്റെ സമീപം വഴി റെയിൽപാളം ചാടി കടന്ന് ഓടുന്നത് കണ്ടവരുമുണ്ട്. റബീഹിനെ പിടിക്കാൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *