പൊന്നാനി : ദേശീയപാതയിലെ അടിപ്പാത നിർമാണവുമായി രൂപപ്പെട്ടുണ്ടായ ആശങ്കയ്ക്ക് ഇനിയും പരിഹാരമായില്ല. ഉറൂബ് നഗറിലും പുതുപൊന്നാനിയും അടിപ്പാതയ്ക്കായി ആവശ്യമുയർന്നിട്ടുണ്ടെങ്കിലും നിർമാണകാര്യത്തിൽ കരാർകമ്പനിയോ ദേശീയപാത അധികൃതരോ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അതേസമയം, നിലവിലെ രൂപരേഖയിൽനിന്ന് മാറ്റമുണ്ടാവില്ലെന്ന സൂചനയാണ് ദേശീയപാതയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
പുതുപൊന്നാനിയിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് എം.ഐ. അസോസിയേഷൻ ജനറൽസെക്രട്ടറി എ.എം. അബ്ദു സമദ്, വി.പി. അബ്ദുൽ മജീദ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അടിപ്പാത വിഷയം അനുഭാവപൂർവം പരിഗണിക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയുടെ നിർദേശം ദേശീയപാത അധികൃതർ മുഖവിലക്കെടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ബസ് സ്റ്റാൻഡിൽനിന്ന് വൺവേ സമ്പ്രദായത്തിലൂടെ വരുന്ന ബസുകൾ കടന്നുപോകുന്ന റോഡാണ് ഉറൂബ് നഗർ ജങ്ഷൻ. ഇവിടെ അടിപ്പാത നിർമിച്ചില്ലെങ്കിൽ ഇതുവഴിയുള്ള ഗതാഗതത്തെ സാരമായി ബാധിക്കും. ആനപ്പടിക്കും വെളിയങ്കോടിനുമിടയിൽ 4.3 കിലോമീറ്റർ ഭാഗത്ത് അടിപ്പാതയില്ല. ഈ മേഖലയിലുള്ളവർക്ക് റോഡ് മുറിച്ചുകടക്കാൻ ദീർഘദൂരം അധികമായി സഞ്ചരിക്കേണ്ടിവരും.
പുതുപൊന്നാനി എം.ഐ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ബി.എഡ്. കോളേജ്, അറബിക് കോളേജ്, എ.യു.പി. സ്‌കൂൾ, ജി.എഫ്.യു.പി. സ്‌കൂൾ, പുതുപൊന്നാനി ജി.എഫ്.എൽ.പി. സ്‌കൂൾ തുടങ്ങിയവ ഈ മേഖലയിലാണ്.
മൂന്നു ക്ഷേത്രങ്ങളും അഞ്ച് പള്ളികളും തീർത്ഥാടനകേന്ദ്രമായ പുതുപൊന്നാനി മുനമ്പത്ത് ബീവി ജാറവും ഈ മേഖലയിലാണ്. മൃതദേഹങ്ങൾ സംസ്‌കരിക്കാൻ പള്ളി ശ്മശാനങ്ങളിലേക്കെത്തിക്കാനും പ്രയാസപ്പെടും.
എല്ലാ ഇടപെടലുകളും നടത്തുമെന്ന് എം.എൽ.എ.
പുതുപൊന്നാനിയിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെടുന്ന പ്രദേശം പി. നന്ദകുമാർ എം.എൽ.എ. സന്ദർശിച്ചു.അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിലും മറ്റു ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ശക്തമായ ഇടപെടലുകളും നടത്തിയിട്ടുണ്ടന്നും രാജ്യ സഭയിൽ എളമരം കരീം വിഷയം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും എം.എൽ.എ. പറഞ്ഞു.നാട്ടുകാർ അനുഭവിക്കുന്ന പ്രയാസം ദേശീയപാത അതോറിറ്റി അധികൃതരുമായി ചർച്ചചെയ്തതായും മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും എം.എൽ.എ. പറഞ്ഞു. തുടർന്നും ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.സി.പി.എം. ഏരിയാ സെക്രട്ടറി സി.പി. മുഹമ്മദ് കുഞ്ഞി, ലോക്കൽ സെക്രട്ടറി കുഞ്ഞി മുഹമ്മദ്, കൗൺസിലർ പി.വി. നിഷാദ്, വി.എം. അബൂബക്കർ, അലി എന്നിവരും എം.എൽ.എ.ക്കൊപ്പമുണ്ടായിരുന്നു.