മലപ്പുറം: ചുട്ടു പൊള്ളിക്കുന്ന വേനൽച്ചൂട് ജില്ലയിൽ ഒരാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധർ. മേയ് രണ്ടാം വാരം മുതൽ ഒറ്റപ്പെട്ട വേനൽ മഴ ലഭിച്ചു തുടങ്ങും. മേയ് പകുതിയോടെ ഇടവിട്ട് മഴ പെയ്യാൻ തുടങ്ങും. ജൂണിൽ തുടങ്ങുന്ന മഴക്കാലത്ത് നല്ല മഴ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.

ചരിത്രത്തിലെ വലിയ ചൂട്
ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനലാണ് ഇത്തവണത്തേതെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. കടുത്ത ചൂട് തുടർച്ചയായി അനുഭവപ്പെടുന്നതും അപൂർവം. പസഫിക് സമുദ്രത്തിന്റെ കിഴക്കൻ മേഖലയിലെ താപനില വർധിക്കുന്ന എൽ നിനോ പ്രതിഭാസമാണ് കേരളത്തിലുൾപ്പെടെ ചൂട് കൂടാൻ കാരണം. ഇതിനൊപ്പം കാലാവസ്ഥാ വ്യതിയാനവും കൂടി ചേർന്നപ്പോഴാണ് അസഹ്യമായ തോതിലേക്ക് ചൂട് ഉയർന്നത്.

ഇന്നലെ ജില്ലയിൽ അനുഭവപ്പെട്ട താപനില 37 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ, 44 ഡിഗ്രി സെൽഷ്യസിന് സമാനമായ അന്തരീക്ഷമാണ് അനുഭവപ്പെട്ടത്. മേയ് മാസത്തിലെ ആദ്യ ആഴ്ച കൂടി ഇതേ ചൂട് തുടരും.  അതിനു ശേഷം വേനൽ മഴ ലഭിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. മഴ പെയ്തു തുടങ്ങിയാൽ പിന്നീട് തുടർച്ചയായി ലഭിക്കുമെന്നു കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

മഴക്കുറവ് 98%
സംസ്ഥാനത്ത് ഏറ്റവും കുറച്ച് വേനൽ മഴ ലഭിച്ച ജില്ലയാണ് മലപ്പുറം. മാർച്ച് 1 മുതൽ ഇന്നലെവരെയുള്ള കാലയളവിൽ 2.5 മില്ലി മീറ്റർ മഴ മാത്രമാണ് ജില്ലയിൽ ലഭിച്ചത്. സാധാരണ ഗതിയിൽ 108.9 മില്ലി മീറ്റർ മഴ ലഭിക്കുന്ന സ്ഥാനത്താണിത്. മഴക്കുറവ് 98%. സംസ്ഥാനത്താകെ മഴക്കുറവ് 62% ആണ്. രണ്ടു മാസത്തിനിടെ ചാറ്റൽ മഴ പോലും ലഭിക്കാത്ത ഒട്ടേറെ പ്രദേശങ്ങൾ ജില്ലയിലുണ്ട്. വേനൽ മഴയുടെ അളവ് കുറഞ്ഞതു കൂടിയാണ് ചൂട് കനക്കാനുള്ള ഒരു കാരണം.

Related Post

Leave a Reply

Your email address will not be published. Required fields are marked *