എടപ്പാൾ : പൊന്നാനി താലൂക്കിലെ ആറു പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയുടെ നിർമാണത്തിനു തുടക്കമാകുന്നു. ജൽ ജീവൻ മിഷന്റെ മൂന്നാം ഘട്ടത്തിൽ 200 കോടി രൂപ മുതൽമുടക്കിൽ പുതിയ സാങ്കേതികവിദ്യകളും പുതിയ സംവിധാനങ്ങളുമുപയോഗിച്ച് നടപ്പാക്കുന്ന പദ്ധതി ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് നടപ്പാക്കുന്നത്. പൊന്നാനി നരിപ്പറമ്പിൽനിന്ന് ശുദ്ധജലമെത്തിച്ച് കാലടി, തവനൂർ, എടപ്പാൾ, വട്ടംകുളം, ആലങ്കോട്, നന്നംമുക്ക് എന്നീ പഞ്ചായത്തുകളിൽ വിതരണം ചെയ്യാനാണ് പദ്ധതി. എം.പി. ഗംഗാധരൻ മന്ത്രിയായിരുന്ന കാലത്താരംഭിച്ച ‘ഡാനിഡ’ ശുദ്ധജല പദ്ധതി ഇതോടെ പൂർണമായും ഓർമയാകും.
കണ്ടനകം ഐ.ഡി.ടി.ആറിനു സമീപം 33 ലക്ഷവും ചങ്ങരംകുളത്ത് 16 ലക്ഷവും കോക്കൂരിൽ 25 ലക്ഷവും ലിറ്റർ വീതം വെള്ളം ശേഖരിക്കാനുള്ള കൂറ്റൻ ടാങ്കുകളാണ് നിർമിക്കുക. നിലവിലുണ്ടായിരുന്ന ടാങ്കുകളെല്ലാം പൊളിച്ചുകളയും.
റോഡുകൾക്ക് പരമാവധി കേടുപാടുകൾ സംഭവിക്കാത്തവിധമാകും പൈപ്പുകൾ സ്ഥാപിക്കുക.
എടപ്പാൾ ടൗൺ അടക്കം മറ്റു മാർഗങ്ങളില്ലാത്തിടങ്ങളിൽ രാത്രിയും മറ്റുമായി ജനങ്ങൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടില്ലാത്തവിധം റോഡുകൾ പൊളിച്ച് പൈപ്പ് സ്ഥാപിച്ചശേഷം ഉടൻതന്നെ ടാർ ചെയ്ത് റോഡ് പഴയപടിയാക്കുന്ന രീതിയിലാണ് പണി നടത്തുക.
പണി കരാറെടുത്ത കമ്പനിയുടെ കോഴിക്കാട് ശാഖ ഇതിനെല്ലാമുള്ള കരാർ ഒരുമിച്ചാണ് ഏറ്റെടുത്തിട്ടുള്ളത്.
പദ്ധതി പ്രാവർത്തികമാകുന്നതോടെ ഈ പഞ്ചായത്തുകളിൽ കാലങ്ങളായി നിലനിന്ന കുടിവെള്ളക്ഷാമത്തിനു പരിഹാരമാകും. പതിറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിച്ച പൈപ്പുകളിലൂടെ ജലം വിതരണം ചെയ്യുന്നതുമൂലം അടിക്കടി പൈപ്പുകൾ പൊട്ടിയും മറ്റുമുണ്ടായിരുന്ന തകരാറുകളും ഇനി പഴങ്കഥയാകും.