പൊന്നാനി: ഇത്തവണത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലം വന്നപ്പോൾ പൊന്നാനി ഉപജില്ലയിലെ പൊതുവിദ്യാലങ്ങൾ മിന്നുന്ന വിജയവുമായി വലിയ മുന്നേറ്റമാണു നടത്തിയത്. പൊന്നാനി ഉപജില്ലയിൽ ഏറ്റവുമധികം വിദ്യാർഥികൾ പരീക്ഷ എഴുതിയ പൊന്നാനി എ.വി. ഹയർസെക്കൻഡറി സ്‌കൂളിലും മാറഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും തിളക്കമാർന്ന വിജയമായിരുന്നു. 654 വിദ്യാർഥികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ എ.വി. സ്‌കൂളിൽ 651 വിദ്യാർഥികളും വിജയിച്ചു. ഇതിൽ 92 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. മാറഞ്ചേരി സ്‌കൂളിലെ 633 വിദ്യാർഥികളിൽ 631 പേരും വിജയിച്ചു. 40 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടുകയും ചെയ്‌തു.
തീരദേശമേഖലയിലെ പാലപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, വെളിയങ്കോട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, വന്നേരി ഹയർസെക്കൻഡറി സ്‌കൂൾ എന്നിവ നൂറുമേനി നേടുകയും ചെയ്‌തു.
വന്നേരിയിൽ 14 വിദ്യാർഥികളും പാലപ്പെട്ടിയിൽ മൂന്നും വെളിയങ്കോട് രണ്ടും വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. തീരദേശത്തെ പുതുപൊന്നാനി എം.ഐ. ഗേൾസ് സ്‌കൂളിൽ 495-ൽ 494 പേരും പൊന്നാനി എം.ഐ. ഹയർസെക്കൻഡറി സ്‌കൂളിൽ 338-ൽ 335 പേരും പൊന്നാനി എം.ഇ.എസ്. സ്‌കൂളിൽ 147-ൽ 146 പേരും വിജയിച്ചു.
പൊന്നാനി ഗേൾസ് ഹൈസ്‌കൂളിൽ 121 പേരും തൃക്കാവ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ 156 പേരും വിജയിച്ചതോടെ നൂറുമേനി നേട്ടം കൈവരിച്ചു.