പൊന്നാനി: ഗാന്ധിമാർഗത്തിൽ ദേശീയ സ്വാതന്ത്ര്യസമരമുഖത്ത് പൊരുതി രക്തസാക്ഷിത്വം വരിച്ച കാരംകുന്നത്ത് വീട്ടിൽ കെ.വി. ബാലകൃഷ്ണമേനോൻ ഗാന്ധിജയന്തി ദിനത്തിൽ പൊന്നാനിക്കാർക്ക് ആവേശോജ്ജ്വലമായ സ്മരണയാവുന്നു.
1920-ൽ മുംൈബയിൽനിന്ന് നിയമപഠനം ഉപേക്ഷിച്ച് കേളപ്പജി ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ കർമഭൂമിയായി പൊന്നാനി തിരഞ്ഞെടുത്തപ്പോൾ കെ.വി. ബാലകൃഷ്ണമേനോൻ മെഡിസിനു പഠിക്കുകയായിരുന്നു. കേളപ്പജിയുടെ കത്തു ലഭിച്ചതിനെത്തുടർന്ന് അദ്ദേഹം പഠനം മൂന്നാംവർഷത്തിൽ നിർത്തി പൊന്നാനിയിലേക്ക് വണ്ടി കയറി. പിന്നെ സ്വാതന്ത്ര്യസമരമുഖത്തായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വഴികൾ. പിൽക്കാലത്ത് ‘പൊന്നാനിയിലെ ഗാന്ധി’ എന്നറിയപ്പെട്ട ബാലകൃഷ്ണമേനോന്റെ മരുമകനായ കെ.വി. രാമൻ മേനോനും നിയമപഠനം ഉപേക്ഷിച്ച് ദേശീയ സ്വാതന്ത്ര്യസമരത്തിലേക്കിറങ്ങി.
1921-ൽ ഗാന്ധിജിയുടെ അഹിംസ തത്ത്വപ്രകാരം പൊന്നാനിയിൽ കേളപ്പജി, കെ.വി. ബാലകൃഷ്ണമേനോൻ , കെ.വി. രാമൻ മേനോൻ, ഇമ്പിച്ചിക്കോയ തങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ മലബാർ ലഹളക്കാരെ ഉപരോധിച്ചു. തുടർന്ന് ലഹളക്കാരെ സഹായിച്ചുവെന്ന കള്ളക്കേസ്സുണ്ടാക്കി ബ്രിട്ടീഷുകാർ കെ.വി. ബാലകൃഷ്ണമേനോനെയും കേളപ്പജിയെയും കെ.വി. രാമൻ മേനോനെയും ജയിലിൽ അടച്ചു. കെ.വി. ബാലകൃഷ്ണമേനോൻ ജയിൽവാസത്തിന്റെ പതിനൊന്നാംമാസം കണ്ണൂർ സെൻട്രൽ ജയിലിൽവെച്ച് സന്നിപാതജ്വരം ബാധിച്ച് കേളപ്പജിയുടെ മടിയിൽക്കിടന്ന് മരിക്കുകയായിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് കേരളത്തിൽ ജയിലിൽക്കിടന്ന് മരിച്ച ആദ്യ രക്തസാക്ഷിയായ കെ.വി. ബാലകൃഷ്ണമേനോന്റെ സ്മരണാർഥം കണ്ണൂരിൽ സ്ഥാപിച്ച വൈദ്യശാല ഉദ്ഘാടനംചെയ്തത് ഗാന്ധിജിയായിരുന്നു.