നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരും എന്‍ടിഎയും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നീതി ഉറപ്പാക്കും. 24 ലക്ഷം വിദ്യാര്‍ഥികള്‍ വിജകരമായി പരീക്ഷ എഴുതി. ചോദ്യം ചോര്‍ന്നിട്ടില്ല. അത്തരത്തില്‍ യാതൊരു തെളിവും ലഭ്യമായിട്ടില്ല. ധര്‍മേന്ദ്ര പ്രധാന്‍ വാർത്താ ഏജൻസിയായ എഎന്‍ഐയോട് വ്യക്തമാക്കി.
ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്-യു.ജി.യില്‍ 67 പേരാണ് ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. ഇത്രയേറെപ്പേര്‍ ഒന്നാംറാങ്ക് നേടുന്നത് ആദ്യമാണ്. ഹരിയാണയിലെ ഒരു സെന്ററില്‍നിന്നുമാത്രം ആറുപേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചതായി ആരോപണമുയര്‍ന്നിരുന്നു. 2020-ല്‍ രണ്ടുപേര്‍ക്കും 2021-ല്‍ മൂന്നുപേര്‍ക്കും 2023-ല്‍ രണ്ടുപേര്‍ക്കുമാണ് മുഴുവന്‍ മാര്‍ക്ക് ലഭിച്ചത്. 2022-ല്‍ നാലുപേര്‍ ഒന്നാം റാങ്ക് നേടിയെങ്കിലും 715 മാത്രമായിരുന്നു അവരുടെ സ്‌കോര്‍. ഇത്തവണ ഒന്നാം റാങ്കില്‍ മാത്രമല്ല, താഴെയുള്ള മറ്റു റാങ്കുകളിലും സ്‌കോര്‍ വളരെ ഉയര്‍ന്നതാണ്.
ആരോപണങ്ങള്‍ ശക്തമായതോടെ 44 പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും കിട്ടിയത് ഗ്രേസ് മാര്‍ക്കിലൂടെയാണെന്ന് എന്‍.ടി.എ ചെയര്‍മാന്‍ സുബോദ് കുമാര്‍ സിങ് വ്യക്തമാക്കിയിരുന്നു. പരീക്ഷ വൈകിയതുമൂലം സമയം തികയാതെവന്നവര്‍ക്ക് സുപ്രീംകോടതിയുടെ നേരത്തെയുള്ള നിര്‍ദേശ പ്രകാരം ഗ്രേസ് മാര്‍ക്ക് നല്‍കി. ഇതാണ് ഒന്നാം റാങ്കിന്റെ എണ്ണം കൂടാന്‍ കാരണം. ഗ്രേസ് മാര്‍ക്കില്‍ അപാകതയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പുതിയ സമിതി രൂപവത്കരിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.
വിഷയം കോടതിയിൽ വന്നപ്പോൾ ഗ്രേസ് മാര്‍ക്ക് ലഭിച്ച 1,563 പേരുടെ സ്‌കോര്‍ കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്നും അറിയിച്ചു. ജൂണ്‍ 23നാണ് പുനപരീക്ഷ.ജൂണ്‍ 30 ന് പുനപരീക്ഷ ഫലങ്ങള്‍ പ്രസിദ്ധീകരിക്കും.