തിരൂരങ്ങാടി: പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ പ്രായം ഒരു തടസ്സമല്ലെന്നു തെളിയിച്ച് 3 ‘യുവ വിദ്യാർഥികൾ’. ഡിഗ്രി നേടണമെന്ന ആഗ്രഹം 78 –ാം വയസ്സിൽ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഏലിയാസ് ഇന്നലെ ബിരുദ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയത്. വഴിക്കടവ് മണിമൂളി പാലാട് സ്വദേശിയായ എ.എം.ഏലിയാസ് എസ്എസ്എൽസി വിജയിച്ചെങ്കിലും തുടർപഠനം നടത്താൻ കഴിഞ്ഞില്ല. സ്വകാര്യ കമ്പനിയിൽ അക്കൗണ്ട് ഓഫിസറായി വിരമിച്ചു. ഡിഗ്രി നേടണമെന്നത് ചെറുപ്പകാലത്തെ ആഗ്രഹമായിരുന്നു.
ഇതിനായി 2019 ൽ ഹയർ സെക്കൻഡറി തുല്യത പരീക്ഷ എഴുതി. ശേഷം 2021 ൽ കാലിക്കറ്റ് യുണിവേഴ്സിറ്റിയുടെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ബിഎ മലയാളത്തിന് ചേരുകയായിരുന്നു. കഴിഞ്ഞ മാസം ഫലം വന്നപ്പോൾ ഫസ്റ്റ് ക്ലാസോടെ പാസായി. പിജി പഠനത്തിനായി ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാര്യ തങ്കമ്മ. പരുമല സെമിനാരി അസി.മാനേജർ ഫാ.എൽദോസ്, ജിനേഷ് (ദുബായ്), മഞ്ജു (അയർലണ്ട്) എന്നിവരാണ് മക്കൾ.
വേങ്ങര വലിയോറ സ്വദേശിയായ വഴുതനയിൽ ഭാസ്കരൻ (73) തൊഴിലിനിടയിലും പഠനത്തിന് സമയം കണ്ടെത്തിയ ആളാണ്. 1965 ൽ എസ്എസ്എൽസി വിജയിച്ചെങ്കിലും തുടർപഠനം മുടങ്ങി. ദുബായിലെ ജോലി അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീണ്ടും പഠിക്കാൻ മോഹമുണ്ടായത്. 2011 ൽ ഹയർസെക്കൻഡറി തുല്യതാപരീക്ഷ എഴുതി വിജയിച്ചു. ഇതോടെ കാലിക്കറ്റ് സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസത്തിൽ ഡിഗ്രിക്ക് ചേരുകയായിരുന്നു. സ്വയം പഠിച്ചു നല്ല മാർക്കോടെ വിജയിച്ചു. ഇപ്പോൾ ഓപ്പൺ സർവകലാശാലയിൽ പിജിക്ക് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
നാലാം ക്ലാസിൽ പഠനം നിർത്തിപ്പോയ എടക്കര സ്വദേശി തങ്കച്ചൻ പൗലോസും (65) ഡിഗ്രി നേടാനായതിന്റെ സന്തോഷത്തിലാണ്. മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ ജോലി ചെയ്തു. പിന്നീട് തിരിച്ചു വന്നു കൃഷിയായിരുന്നു മേഖല. പഠനം നിർത്തി 46 വർഷത്തിന് ശേഷം ഏഴാം ക്ലാസ് തുല്യത പരീക്ഷ എഴുതി.പിന്നീട് പത്താം ക്ലാസും ഹയർസെക്കൻഡറിയും എഴുതി. ഇപ്പോൾ ബിഎ ഹിന്ദി ബിരുദധാരിയായി. പിജിക്കും റജിസ്റ്റർ ചെയ്തു.മൂവരും പിഎസ്എംഒ കോളജിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.