പെരിന്തൽമണ്ണ : അർഹരായ വിദ്യാർഥികൾക്കെല്ലാം സർക്കാർ മാനദണ്ഡപ്രകാരമുള്ള യാത്രാ കൺസഷൻ ഉറപ്പുവരുത്തുവാൻ തീരുമാനിച്ച് ജോയിന്റ് ആർ.ടി.ഒ.യുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റുഡന്റ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റിയുടെ താലൂക്കുതല യോഗം. കൺസഷൻ ഔദാര്യമല്ല അവകാശമാണെന്നും എന്നാലതിന് ചില ഉത്തരവാദിത്വങ്ങൾ എല്ലാവർക്കുമുണ്ടെന്നും ജോയിന്റ് ആർ.ടി.ഒ. ഓർമിപ്പിച്ചു. വിദ്യാർഥികൾ തിരിച്ചറിയൽരേഖ നിർബന്ധമായും ബോധ്യപ്പെടുത്തണമെന്നും വ്യാജമായ കാർഡുകൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കർശനമായ പരിശോധനയ്ക്ക് ശേഷമേ കാർഡുകൾ അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള കോഴ്‌സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് പലപ്പോളും ചില ബസുകളിൽ കൺസഷൻ നൽകുന്നില്ലെന്ന് സമാന്തരവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികൾ പറഞ്ഞു.

നിർധനരായ കുട്ടികളും പഠിക്കാനെത്തുന്നുണ്ടെന്നും അർഹമായവർക്കെല്ലാം വിവേചനമില്ലാതെ കൺസഷൻ നൽകണമെന്നും ആവശ്യപ്പെട്ടു. സർക്കാർ അംഗീകൃത കോഴ്‌സുകളിൽ പഠിക്കുന്ന എല്ലാവർക്കും കൺസഷൻ അനുവദിക്കുക, ഒന്നാംവർഷ ബിരുദവിദ്യാർഥികൾക്ക് സ്ഥാപനത്തിന്റെ തിരിച്ചറിയിൽ കാർഡ് കിട്ടാത്തതിനാൽ കൺസഷൻ ലഭിക്കാതിരിക്കുക, നിശ്ചിതനിരക്കിൽ കൂടുതലായി വ്യത്യസ്തമായ നിരക്കുകൾ വാങ്ങുന്നത് അവസാനിപ്പിക്കുക, സ്റ്റോപ്പിനും കോളേജിനും മുന്നിൽനിന്ന് കയറുന്നവരിൽനിന്ന് വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കുക, വൈകീട്ട് അഞ്ചര കഴിഞ്ഞ് ബസിൽക്കയറുന്ന വിദ്യാർഥികളോടുള്ള ഗുണ്ടാനിലപാട് ഒഴിവാക്കുക, ഹ്രസ്വകാല കോഴ്‌സുകൾക്ക് പഠിക്കുന്നവർക്കും കൺസഷൻ അനുവദിക്കുക തുടങ്ങിയവ വിദ്യാർഥിസംഘടനാ പ്രതിനിധികളും ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർഥികളും കൺസഷൻ മാനദണ്ഡങ്ങൾ ദുരുപയോഗംചെയ്യരുതെന്നും നിയമപ്രകാരം അർഹമായവർക്കെല്ലാം കൺസഷൻ അനുവദിക്കാറുണ്ടെന്നും ബസുകാരുടെ പ്രതിനിധികളും പറഞ്ഞു. വ്യാജമായി തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇതിന് സ്ഥാപനത്തിന്റെ അംഗീകാരം വിശദമായി പരിശോധിച്ചുമാത്രം കാർഡ് അനുവദിക്കണം. കൺസഷൻ കാർഡ് ഉപയോഗിച്ച് ജോലിക്ക് പോകുന്നവരുണ്ടെന്നും സ്റ്റാൻഡിലെത്തിയാൽ യൂണിഫോം മാറുന്നതടക്കം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ബസുകാർ പറഞ്ഞു. കാർഡ് എടുക്കാൻ മറന്ന വിദ്യാർഥികളെ കൺസഷൻ നിരക്കിൽ യാത്രചെയ്യാൻ അനുവദിക്കാറുണ്ട്.

പെൺകുട്ടികൾക്ക് കാർഡില്ലാത്തത് ചോദ്യംചെയ്താൽ ജീവനക്കാർക്കെതിരേ മറ്റ് ആരോപണങ്ങളുമായി കേസുകൊടുക്കുന്നു. പോലീസ്‌സ്റ്റേഷനിലും മാന്യമായ പെരുമാറ്റം ബസ് ജീവനക്കാരോട് പലപ്പോളും ഉണ്ടാകുന്നില്ലെന്നും ജീവനക്കാരുടെ പ്രതിനിധികൾ പറഞ്ഞു. വിദ്യാർഥികളുമായി മാന്യമായി ഇടപെടുന്നതിന് ജീവനക്കാർക്ക് ബോധവത്കരണം നൽകുന്നുണ്ടെന്നും ബസുടമകൾ അറിയിച്ചു. സർക്കാർ ഉത്തരവ് പ്രകാരമുള്ള നിബന്ധനകൾ എല്ലാ വിഭാഗക്കാരും പാലിക്കണമെന്നും ആരുടെ ഭാഗത്തുനിന്ന് ലംഘനമുണ്ടായാലും കർശന നടപടികളുണ്ടാകുമെന്നും ജോയിന്റ് ആർ.ടി.ഒ. അറിയിച്ചു. ട്രാഫിക് എസ്.ഐ. ബാബു, എ.എം.വി.ഐ. മയിൽരാജ്, ബസുടമസംഘം പ്രതിനിധികളായി സി.പി. മുഹമ്മദലി ഹാജി, ഹംസ, പക്കീസ കുഞ്ഞിപ്പ, ജീവനക്കാരുടെ പ്രതിനിധിയായി അനിൽ കുറുപ്പത്ത്, മാടാല മുഹമ്മദലി, അനൂപ്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളായി എൻ.ടി.സി. മജീദ്, സുരേഷ്, വിദ്യാർഥി സംഘടനകളുടെ പ്രതിനിധികളായി ഗോകുൽ, പി. ജിതേഷ്, ആദിൽ തുടങ്ങിയവരും പങ്കെടുത്തു.

ധാരാളം പരാതികളെന്ന് അധികൃതരും

പെരിന്തൽമണ്ണ : വിദ്യാർഥികൾ കൺസഷൻ യാത്രാനിരക്കിന് വ്യാജ തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കുന്നത് വ്യാപകമായിട്ടുണ്ടെന്ന് സ്വകാര്യ ബസ്സുടമകളും തൊഴിലാളികളും. പെരിന്തൽമണ്ണയിൽ ജോയിന്റ് ആർ.ടി.ഒ. എം. രമേശ് വിളിച്ചുചേർത്ത സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റിയുടെ യോഗത്തിലാണ് വിഷയം ബസ്സുകാർ ഉന്നയിച്ചത്.

40 കിലോമീറ്റർ ദൂരം മാത്രമേ കൺസഷൻ അനുവദിക്കേണ്ടതുള്ളൂ. എന്നാൽ മലപ്പുറം ആലത്തൂർപ്പടി മുതൽ 70 കിലോമീറ്ററിലേറെ ദൂരെയുള്ള പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്ക് കൺസഷൻ കാർഡ് അനുവദിച്ചതായി ബസുകാർ ശ്രദ്ധയിൽപ്പെടുത്തി. ഒരു വർഷത്തെ കാലാവധിയുള്ളതിനുപകരം കാർഡിൽ മൂന്നുവർഷത്തേക്കാണ് കാലാവധി നൽകിയിരിക്കുന്നതെന്നും ആർ.ടി.ഒ. സീൽ പതിച്ചിട്ടുണ്ടെന്നും ബസുകാർ വിശദീകരിച്ചു. വ്യാജമായി ഉണ്ടാക്കിയ കാർഡാകാം ഇതെന്നും ബസുകാർ പറഞ്ഞു.

മോട്ടോർ വാഹനവകുപ്പ് അധികൃതരുടെയടക്കം അഞ്ചോളം സീലുകൾ പതിച്ച കാർഡുകളും പലപ്പോഴും ലഭിക്കുന്നുണ്ട്. വൃത്താകൃതിയിലുള്ള സീലിന് പകരം ദീർഘചതുരാകൃതിയിലുള്ള സീലുകളാണ് ചിലതിൽ വെക്കുന്നത്. ഇതെല്ലാം വ്യാജമായി നിർമിക്കുന്നതാണെന്ന് ബസുകാർ പറഞ്ഞു. 27 വയസ്സാണ് കൺസഷന് പ്രായപരിധി. ഒരാളുടെ കാർഡ് പരിശോധിച്ചപ്പോൾ 30 വയസ്സുള്ളയാളായിരുന്നു കൺസഷനിൽ യാത്ര ചെയ്തിരുന്നത്. ഹ്രസ്വകാല കോഴ്‌സിന് ഒന്നോ രണ്ടോ മണിക്കൂർ പരിശീലനത്തിന് വരുന്നവർക്കു വരെ കൺസഷൻ കാർഡ് ലഭിക്കുന്നുണ്ട്.

സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹ്രസ്വകാല കോഴ്‌സ് വിദ്യാർഥിക്ക് നൽകുന്ന കാർഡ് കോഴ്‌സ് പൂർത്തിയായ ശേഷം തിരികെ വാങ്ങുന്നില്ല. ഇത് പിന്നീടും ഉപയോഗിക്കുന്ന സംഭവങ്ങളുണ്ട്. വിദ്യാർഥികളുടെ കൺസഷനുമായി ബന്ധപ്പെട്ട് ദിവസം നാലോളം പരാതികൾ ലഭിക്കുന്നതായി ജോയിന്റ് ആർ.ടി.ഒ. പറഞ്ഞു. പലരും അനർഹമായി കൺസഷൻ ഉപയോഗിക്കുന്നതായി വിലയിരുത്തപ്പെടുന്നുണ്ട്.

സർക്കാർ മാനദണ്ഡപ്രകാരമുള്ള സ്ഥാപനങ്ങളിലെ അർഹരായ മുഴുവൻ വിദ്യാർഥികൾക്കും കൺസഷൻ ലഭ്യമാക്കാൻ നടപടിയുണ്ടാകും. കർശനമായ പരിശോധനയ്ക്കുശേഷമേ കൺസഷൻ കാർഡുകൾ അനുവദിക്കൂവെന്നും ജോയിന്റ് ആർ.ടി.ഒ. അറിയിച്ചു. അതേസമയം സമാന്തര വിദ്യാഭ്യാസ മേഖലയിൽ നിരവധി നിർധനരായ വിദ്യാർഥികൾ വിദ്യാഭ്യാസം നേടുന്നുണ്ടെന്നും ഇവയിലെ വിദ്യാർഥികൾക്കും കൺസഷൻ അനുവദിക്കണമെന്നും സമാന്തര വിദ്യാഭ്യാസ സ്ഥാപന അധികാരികളും ആവശ്യപ്പെട്ടു.

Related Post

Leave a Reply

Your email address will not be published. Required fields are marked *