പൊന്നാനി : നായരങ്ങാടിയിലെ അഞ്ച് കുടുംബങ്ങൾക്ക് മഴക്കാലത്ത് വീടുകളിലേക്കും തിരിച്ചുമുള്ള യാത്ര ദുരിതപൂർണമാണ്. വഴിയിലെ വെള്ളക്കെട്ട് താണ്ടിവേണം ഇവർക്ക് സഞ്ചരിക്കാൻ. സ്വകാര്യവ്യക്തി ചകിരി നിറച്ചതോടെയാണ് വഴി വെള്ളത്തിൽ മുങ്ങിയതെന്നാണ് ഇവർ പറയുന്നത്.
നായരങ്ങാടി സെൻട്രലിലെ അഞ്ചു കുടുംബങ്ങൾ താമസിക്കുന്ന നാലടിവീതിയുള്ള വഴിക്കു സമീപത്തെ വെള്ളക്കെട്ടാണ് ഇവർക്ക് ദുരിതമാകുന്നത്. വെള്ളക്കെട്ടിലൂടെയുള്ള യാത്ര അസുഖങ്ങൾക്കിടയാക്കുമെന്ന ആശങ്കയിലാണ് ഈ കുടുംബം.
മഴക്കാലമായാൽ ഈ കുടുംബങ്ങളുടെ ഇതുവഴിയുള്ള യാത്ര ഭീതിയോടെയാണ്. നാലടി വീതിയുള്ള വഴിയിലൂടെ ഇരുവശങ്ങളിലും താഴ്ചയുള്ള വെള്ളക്കെട്ടാണ്. വെള്ളക്കെട്ടിൽ ചകിരി നിറച്ചതു കാരണം മലിനമായ വെള്ളമാണ് കെട്ടിനിൽക്കുന്നത്. ഏഴടിയോളം താഴ്ചയുള്ള വെള്ളക്കെട്ടാണ് വഴിയുടെ ഇരുവശവും.
മഴപെയ്ത് വെള്ളം നിറഞ്ഞാൽ വഴിയും വെള്ളക്കെട്ടും തിരിച്ചറിയാൻ പറ്റില്ല. വഴിയറിയാനായി കമ്പുകൾ കുത്തിവെച്ചിരിക്കുയാണ്. നഗരസഭാ അധികൃതരോട് പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. വഴി കോൺക്രീറ്റുചെയ്ത് യാത്ര സുഗമമാക്കണമെന്നും ഇരുവശത്തുമുള്ള വെള്ളക്കെട്ടിൽ ചകിരി താഴ്‌ത്തിവെക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.