തിരൂര്‍: മലയാളത്തിന്റെ സാഹിത്യനായകന്‍ എം.ടി. വാസുദേവന്‍നായരടക്കം 48 പേരാണ് ഇക്കുറി തിരൂര്‍ തുഞ്ചന്‍പറമ്പില്‍ കുരുന്നുകളെ ആദ്യക്ഷരം എഴുതിക്കാനെത്തുക. സാഹിത്യരംഗത്തെ പ്രമുഖരുടെ സാന്നിധ്യം തന്നെയാണ് തുഞ്ചന്‍പറമ്പിലെ എഴുത്തിനിരുത്ത് ചടങ്ങിനെ മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നതും. ഇത്രയേറെ എഴുത്തുകാര്‍ ഒരുമിച്ച് ആദ്യക്ഷരം കുറിക്കുന്ന മറ്റൊരുകേന്ദ്രവും സംസ്ഥാനത്തുണ്ടാകില്ല. രാവിലെ അഞ്ചുമണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് എഴുത്തിനിരുത്ത്.
മുന്‍പ് മൂന്ന് പാരമ്പര്യ എഴുത്താശാന്മാര്‍ കാഞ്ഞിരത്തറയിലാണ് എഴുത്തിനിരുത്ത് നടത്തിയിരുന്നത്. എം.ടി. തുഞ്ചന്‍ ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനമേറ്റശേഷമാണ് വിദ്യാരംഭച്ചടങ്ങുകള്‍ വിപുലമായത്.
അക്കിത്തവും കുഞ്ഞുണ്ണിമാഷും ചേര്‍ന്ന് സരസ്വതീമണ്ഡപം സമര്‍പ്പിച്ചതുമുതല്‍ എഴുത്തിനിരുത്ത് അവിടെയായി. തുടക്കത്തില്‍ എം.ടി.ക്കൊപ്പം അഞ്ചോ ആറോ എഴുത്തുകാരാണ് ഉണ്ടായിരുന്നത്. പിന്നീട് എണ്ണം കൂടിക്കൂടി വന്നു. ആദ്യക്ഷരം കുറിക്കാന്‍ തുഞ്ചന്റെ മണ്ണിലേക്കെത്തുന്ന കുരുന്നുകളുടെ എണ്ണവും കൂടിവന്നു.
കൈപിടിച്ച് എഴുതിക്കാന്‍ ഇവര്‍
തുഞ്ചന്‍പറമ്പില്‍ ഇക്കുറി കുരുന്നുകളെ എഴുത്തിനിരുത്തുന്ന എഴുത്തുകാര്‍: എം.ടി. വാസുദേവന്‍ നായര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, വി.ആര്‍. സുധീഷ്, ടി.ഡി. രാമകൃഷ്ണന്‍, കെ.സി. നാരായണന്‍, പി.കെ. ഗോപി, മണമ്പൂര്‍ രാജന്‍ബാബു, ഡോ. കെവി. തോമസ്, ഡോ.എ. അന്‍വര്‍ അബ്ദുള്ള, ടി.കെ. ശങ്കരനാരായണന്‍, കെ.എസ്. വെങ്കിടാചലം, ജി.കെ. രാംമോഹന്‍, ഡോ. അനില്‍ വള്ളത്തോള്‍, ഡോ. എല്‍. സുഷമ, രാജേന്ദ്രന്‍ എടത്തുംകര, ഡോ. സി. രാജേന്ദ്രന്‍, കാനേഷ് പൂനൂര്‍, പൂനൂര്‍ കെ. കരുണാകരന്‍, ആനന്ദ് കാവാലം, ഐസക് ഈപ്പന്‍, ഡോ. കെ.വി. സജയ്, ഡോ. രാധാമണി അയങ്കലത്ത്, മാധവന്‍ പുറച്ചേരി, ഡോ. രഘുറാം, ഡോ. പി. ഉഷ, ഡോ. പി.കെ. രാധാമണി, ഡോ. രജനി സുബോധ്, ഡോ. അശോക് ഡിക്രൂസ്, ഡോ. ടി.വി. സുനിത, ഡോ. രോഷ്നി സ്വപ്ന, ദിവാകരന്‍ മാവിലായി, ഡോ. സി. ഗണേഷ്, ഡോ. പി. ശ്രീദേവി, ഡോ. ആര്യാ ഗോപി, ഡോ. ശുഭ നമ്പൂതിരി, ഡോ. ഗോപി പുതുക്കോട്, ഡോ. ജി. സജ്ന, ബി.കെ. ഹരിനാരായണന്‍, ശ്രീജിത്ത് പെരുന്തച്ചന്‍, ഡോ. അപര്‍ണ, കെ.ജി. രഘുനാഥ്, കടാങ്കോട് പ്രഭാകരന്‍, ഡോ. മിനി പ്രസാദ്, ഇ. ജയകൃഷ്ണന്‍, കെ.പി. മോഹനന്‍, അനീസ് ബഷീര്‍, ഡോ. കെ. ബാബുരാജന്‍, ഡോ. സ്മിത കെ. നായര്‍.
ഇവരെക്കൂടാതെ പ്രഭേഷ് പണിക്കര്‍, വഴുതക്കാട് മുരളീധരന്‍, പി.സി. സത്യനാരായണന്‍ എന്നീ മൂന്ന് പാരമ്പര്യ എഴുത്താശാന്മാരും എഴുത്തിനിരുത്താനുണ്ടാവും