പൊന്നാനി : കർമ റോഡരികിൽ സുരക്ഷാ വേലിയില്ല. വൻ അപകട സാധ്യത. കഴിഞ്ഞ ദിവസം കുടുംബം സഞ്ചരിച്ചിരുന്ന കാർ പുഴയരികിൽ നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്. ചമ്രവട്ടം കടവ് ഭാഗത്താണ് കാർ പുഴയിലേക്ക് മറിയാൻ നിന്നത്.
പെട്ടെന്നു തന്നെ നാട്ടുകാരുടെ ഇടപെടലുണ്ടായി. വൻ ദുരന്തമാണ് ഒഴിവായത്. പുഴയോരത്ത് സുരക്ഷാ വേലി നിർമിക്കണമെന്ന ആവശ്യത്തിന് ഇതുവരെയും പരിഹാരമായിട്ടില്ല. പല തവണ വാഹനങ്ങൾ നിയന്ത്രണം വിട്ട് പുഴയിലേക്കു മറിഞ്ഞിട്ടുണ്ട്.
ചമ്രവട്ടം കടവ് ഭാഗത്തു തന്നെ പുഴയിലേക്കു കാർ തെറിച്ചു വീണ് യുവാവ് മരിച്ചിരുന്നു. രാത്രിയിൽ ദിശയറിയാനുള്ള സംവിധാനം പോലും റോഡിലില്ല. മതിയായ ട്രാഫിക് സംവിധാനങ്ങൾ കർമ റോഡിൽ ഏർപ്പെടുത്തിയിട്ടില്ല.
സ്ട്രീറ്റ് ലൈറ്റുകളില്ലാത്തതിനാൽ പ്രദേശവാസികൾവരെ ദുരിതമനുഭവിക്കുന്നുണ്ട്. വാഹനങ്ങളുടെ അമിത വേഗം ദുരന്ത സാഹചര്യമുണ്ടാക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇൗ റോഡിൽ പൊലിഞ്ഞത് ഒട്ടേറെ പേരുടെ ജീവനാണ്. ഇവിടെ അപകടത്തിൽപെട്ട് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും ഒട്ടേറെ. കർമ റോഡ് ചമ്രവട്ടം കടവിൽ നിന്ന് നരിപ്പറമ്പ് റോഡിലേക്ക് തിരിയുന്ന ഭാഗത്ത് മുന്നറിയിപ്പ് സംവിധാനങ്ങളില്ല.
മുന്നിലെ വളവ് ശ്രദ്ധയിൽപ്പെടാതെ വാഹനങ്ങൾ അപകടത്തിലേക്കു നീങ്ങുന്ന സാഹചര്യമുണ്ട്. മാത്രവുമല്ല, റോഡരികിലെ വിശ്രമവും അനധികൃത പാർക്കിങും രാത്രിയിൽ വലിയ അപകട സാധ്യതകളുണ്ടാക്കുന്നുണ്ട്.
സ്ട്രീറ്റ് ലൈറ്റുകളില്ലാത്തതിനാൽ ആളുകൾ വഴിയരികിൽ വിശ്രമിക്കുന്നതും വാഹന പാർക്കിങും പെട്ടെന്ന് കാണാൻ പറ്റുന്നില്ല. റോഡിൽ ഉടൻ സുരക്ഷാ സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.