പൊന്നാനി : ഈഴുവത്തിരുത്തി ഐ.ടി.സി. റോഡ് നിള ടൂറിസം പാതയുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യമുയരുന്നു. താലൂക്കിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഈഴുവത്തിരുത്തി ഐ.ടി.സി.യിലേക്കുള്ള റോഡാണിത്. പാതകൾ തമ്മിൽ ബന്ധിപ്പിക്കാത്തതു കാരണം പ്രദേശവാസികൾ കിലോമീറ്ററുകൾ ചുറ്റിവളഞ്ഞാണ് നിള ടൂറിസം പാതയിലെത്തുന്നത്.
നീള ടൂറിസം പാതയോടു ചേർന്നുള്ള വെള്ളക്കെട്ടാണ് ഐ.ടി.സി. റോഡിനെ ബന്ധിപ്പിക്കുന്നതിന് തടസ്സം. ഈഴുവത്തിരുത്തി വില്ലേജ്തല ജനകീയസമിതി യോഗത്തിൽ യാത്രാപ്രശ്നത്തിന് പരിഹാരം കാണാൻ തീരുമാനിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല.
നഗരസഭയും റവന്യൂ, പൊതുമരാമത്ത് വകുപ്പുകളും ചേർന്ന് ഐ.ടി.സി. റോഡ് നിള ടൂറിസം പാതയുമായി ബന്ധിപ്പിച്ച് പൊതുജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരംകാണണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ. പവിത്രകുമാർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കളക്ടർക്ക് പരാതി നൽകി.