തിരൂർ: ഭാരതപ്പുഴയിൽനിന്നു നിന്നു മണലൂറ്റി അഴിമുഖം വഴി തോണിയിൽ കടത്തുന്ന സംഘങ്ങൾ കനത്ത മഴയിലും സജീവം. യന്ത്രം ഘടിപ്പിച്ച തോണികളിൽ അമിത അളവിൽ മണൽ കയറ്റി കനത്ത ഒഴുക്കുള്ള അഴിമുഖത്തുകൂടി കുതിച്ചു പോകുന്നത് അപകടകരമാണെന്നു മീൻപിടിത്തക്കാർ ചൂണ്ടിക്കാട്ടുന്നു. ഒഴുക്കിൽ പെട്ട് തോണി മറിഞ്ഞ് മുൻപ് ഇവിടെ 3 പേർ മരിച്ചിരുന്നു.ഭാരതപ്പുഴയിൽനിന്നു കടത്തുന്ന മണൽ തിരൂർ പുഴയിലൂടെ തീരത്തു പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളിലാണ് എത്തിക്കുന്നത്. ഇവിടെനിന്നു വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകും.
മണൽ കടത്താനായി തോണികൾ വാടകയ്ക്കു നൽകുന്ന സംഘങ്ങൾ ഇവിടെ സജീവമാണ്. മണൽക്കടത്ത് സംഘങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും പതിവാണ്. ദിവസങ്ങൾക്കു മുൻപു പൊലീസിനെ ആക്രമിച്ച് മണൽ ലോറിയിലെ ഡ്രൈവറെ സംഘത്തിലൊരാൾ രക്ഷപ്പെടുത്തിയിരുന്നു. മണൽക്കടത്ത് പെരുകിയതിനെ തുടർന്നു മുൻപു പൊലീസ് ബോട്ട് വാങ്ങി പുഴയിലും പട്രോളിങ് നടത്തിയിരുന്നു. എന്നാൽ, ബോട്ട് തകരാറിലായതോടെ പരിശോധന നിലച്ചു.