പൊന്നാനി :പൊന്നാനി മാതൃ-ശിശു ആശുപ്രതിയിലെ ബ്ലഡ് ബാങ്ക് നിർമാണം അവസാനഘട്ടത്തിൽ. നിലവിൽ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. കെട്ടിടത്തിനകത്ത് റിസപ്ഷൻ ഒരുക്കുന്നതുൾപ്പെടെയുള്ളവയുടെ ജോലികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. ബ്ലഡ് ബാങ്കിനും കമ്പോണന്റ് പ്രൊസസിങ് യൂണിറ്റിന്റെയും ലൈസൻസിനായുള്ള നടപടി പൂർത്തിയാകുന്നതോടെ ബ്ലഡ് ബാങ്ക് പ്രവർത്തനം സജ്ജമാകും. നാഷണൽ ഹെൽത്ത് മിഷന്റെ 1.22 കോടി രൂപ ചെലവിലാണ് പൊന്നാനി മാതൃ-ശിശു ആശുപത്രി കോമ്പൗണ്ടിൽ കെട്ടിടം നിർമിച്ചിട്ടുള്ളത്.
ഡോക്ടേഴ്‌സ് റൂം, കമ്പോണന്റ് സ്റ്റോർ, കമ്പോണന്റ് പ്രോസസിംഗ് റൂം, ഗ്രൂപ്പിങ് ആൻഡ് ക്രോസ് മാച്ചിങ് റൂം ഉൾപ്പെടെ ആധുനിക സംവിധാനങ്ങളോടെയാണ് ബ്ലഡ് ബാങ്ക് ഒരുങ്ങുന്നത്. പൊന്നാനി മാതൃ-ശിശു ആശുപത്രിയിൽ ബ്ലഡ്ബാങ്ക് പ്രവർത്തനം തുടങ്ങുന്നതോടെ ജില്ലയിലെ തീരദേശമേഖലക്കും തൃശൂർ, പാലക്കാട് ജില്ലകളിലുള്ളവർക്കും ഏറെ ആശ്വാസകരമാവും.