എടപ്പാൾ : കേരളത്തിലെല്ലായിടത്തുനിന്നും ലഹരിവിപത്തിനെക്കുറിച്ചുള്ള വാർത്തകൾ വരുന്നതു കണ്ടപ്പോൾ പോത്തനൂരുകാർ തീരുമാനിച്ചു, ഈ വിപത്ത് നമുക്കു വേണ്ടാ. ലഹരിവിപത്തിന്റെ ഭീകരത ഗ്രാമത്തെ ബോധ്യപ്പെടുത്തണം. അതിനപ്പുറം എല്ലാവർക്കും അവബോധം പകരാൻ ഒരു മാർഗമാകട്ടെ എന്ന് എടപ്പാളിനടുത്ത പോത്തനൂരിലെ ഗ്രാമീണജനത തീരുമാനിച്ചപ്പോൾ ആ നാട്ടുകൂട്ടായ്‌മയിൽനിന്ന് പിറന്നത് മനോഹരമായൊരു സിനിമ. അതാണ് ‘പഞ്ചാരമിഠായി’.
പുതിയ തലമുറ ലഹരിയിലകപ്പെട്ട് ജീവിതം ഹോമിക്കുന്നതിലുള്ള പ്രതിരോധശ്രമം കൂടിയാണ് ഈ സിനിമ. പോത്തനൂർ ഗ്രാമത്തിലെ അറുപത്തഞ്ചോളം കുട്ടികളും രക്ഷിതാക്കളും തദ്ദേശസ്ഥാപന അംഗങ്ങളും സീരിയൽ താരങ്ങളടക്കമുള്ളവരും സിനിമിയിൽ അഭിനയിച്ചു.ക്രിയേറ്റീവ് ഫിലിം ലാബിന്റെ ബാനറിൽ പോത്തനൂർ ഈസ്റ്റ് യൂണിറ്റ് നിർമിച്ച ചിത്രത്തിന്റെ സംവിധാനം ജാഫർ കുറ്റിപ്പുറമാണ്. ഫാറൂഖ് മുല്ലപ്പൂ തിരക്കഥയൊരുക്കി. അശ്വഘോഷ് ക്യാമറയും ഫാസിൽ മുഹമ്മദ് എഡിറ്റിങ്ങും സന്ദീപ് ചക്രവർത്തി സംഗീതവും നിർവഹിച്ചു.
ചിത്രത്തിന്റെ ആദ്യ പോസ്റ്റർ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രകാശനംചെയ്തു.പ്രിവ്യൂ ചങ്ങരംകുളം മാർസ് തീയേറ്ററിൽ ഞായറാഴ്ച വൈകുന്നേരം അഞ്ചിന് നടക്കുമെന്ന് പിന്നണിപ്രവർത്തകർ അറിയിച്ചു.മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ബീന ആർ. ചന്ദ്രൻ, സംവിധായകൻ പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ പങ്കെടുക്കുമെന്നും സംസ്ഥാനത്തെ എല്ലാ ബാലസംഘം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കുമെന്നും ജാഫർ കുറ്റിപ്പുറം, ടി. നന്ദന, സി.പി. വൈഗ സുനിൽ, എസ്. രോഹിത് എന്നിവർ അറിയിച്ചു.