എടപ്പാൾ : പൂവിളിയുടെ ആരവമുയരുകയായി. വ്യാഴാഴ്ച അത്തം പിറക്കുംമുൻപ് എടപ്പാളിൽ പൂക്കളൊരുങ്ങി. എടപ്പാൾ ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും ചേർന്ന് ഓണത്തിനു മുന്നോടിയായി ആവിഷ്‌കരിച്ച ‘പൂക്കൾ പുഞ്ചിരിക്കും എടപ്പാൾ’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പൂകൃഷിയുടെ വിളവെടുപ്പാണ് നടന്നത്. തലമുണ്ട മാനത്തുകാവ് അമ്പലപരിസരത്ത് ദേവൻ തൈവളപ്പിൽ, കുട്ടൻ കണ്ണയിൽപറമ്പിൽ, രമണി ഇടപ്പവീട്ടിൽ, വിലാസിനി ഇളയംകാവിൽ തുടങ്ങിയ കർഷകരുടെ നേതൃത്വത്തിലും കോലത്ത് കുന്നത്ത് മന ദാമോദരന്റെ കൃഷിയിടത്തിൽ തിദിയ ജെ.എൽ.ജി. ഗ്രൂപ്പംഗങ്ങളായ നളിനി നെല്ലിക്കൽ, വസന്ത മാമ്പറ്റവളപ്പിൽ, തങ്കമണി കൊട്ടിലങ്ങൽപടി എന്നിവരുടെ നേതൃത്വത്തിലും നടന്ന കൃഷിയുടെ വിളവെടുപ്പാണ് നടന്നത്.

മറുനാട്ടിൽനിന്നെത്തുന്ന പൂക്കളെ മാത്രം ആശ്രയിച്ച് നടക്കുന്ന പൂക്കളമിടലിനെ സ്വന്തം നാട്ടിലെ പൂക്കളിലേക്ക് പറിച്ചുനടുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലെ അഞ്ചേക്കർ സ്ഥലത്താണ് ഇത്തവണ കൃഷി നടത്തുന്നത്. മുക്കുറ്റിക്കും കോളാമ്പിക്കും തുമ്പക്കും ബദലായി എത്തിയ ചെണ്ടുമല്ലിയും ജമന്തിയുമെല്ലാം ഇനി നാട്ടിൽതന്നെ കൃഷി ചെയ്ത് സ്വയംപര്യാപ്തമാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.

അത്തം മുതൽ ഗ്രാമീണ പശ്ചാത്തലത്തിൽ വിരിഞ്ഞ ഈ പൂക്കൾ പഞ്ചായത്തിലെ വിവിധ മാർക്കറ്റുകളിൽ ആവശ്യക്കാർക്കെത്തിക്കാനാണ് തീരുമാനം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ അധ്യക്ഷനായി.കൃഷി ഓഫീസർ എം.പി. സുരേന്ദ്രൻ, എ. ദിനേശൻ, എൻ.ആർ. അനീഷ്, സി.പി. മണി, ടി.വി. ശൂലപാണി, വാര്യത്ത് ജയകൃഷ്ണൻ, ടി.വി. ചന്ദ്രശേഖരൻ, കേശവൻ അരിയാരത്ത്, കാളി വട്ടപ്പറമ്പിൽ, സുശീല വട്ടപ്പറമ്പിൽ, ശാന്ത മാമ്പറ്റവളപ്പിൽ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *