പൊന്നാനി : നിരോധിത വലയുമായി മത്സ്യബന്ധനത്തിലേർപ്പെട്ട ബോട്ട് ഫിഷറീസും മറൈൻ എൻഫോഴ്‌സ്‌മെന്റ് പോലീസുംചേർന്ന് പിടികൂടി.പരപ്പനങ്ങാടി ഹാർബറിന് പടിഞ്ഞാറുഭാഗത്തുനിന്നാണ് ബേപ്പൂർ സ്വദേശി സുദേശന്റെ ‘നോയൽ’ എന്ന ബോട്ട് പിടികൂടിയത്.കെ.എം.എഫ്.ആർ. ചട്ടങ്ങൾക്ക് വിരുദ്ധമായി പെയർ ട്രോളിങ് നടത്തിയതിനും രാത്രികാല മത്സ്യബന്ധനം നടത്തിയതിനും ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഗ്രേസി രണ്ടുലക്ഷം രൂപ പിഴചുമത്തി.
ബോട്ടിലുണ്ടായിരുന്ന മത്സ്യം 2,95,000 രൂപയ്ക്ക് പൊന്നാനി ഹാർബറിൽ ലേലംചെയ്തു. തുക ഫിഷറീസ് വകുപ്പിലേക്ക് അടച്ചു.സർക്കാർ നിരോധിച്ച പലാജിക് വലയുമായി മത്സ്യബന്ധനം നടത്തുന്നതുവഴി മത്സ്യസമ്പത്തിന് വ്യാപകമായി നാശം സംഭവിക്കുന്നുണ്ട്.ബോട്ടിൽനിന്ന് പിടിച്ചെടുത്ത വല ഫിഷറീസ് വകുപ്പ് കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുണ്ട്.അപകടകരമായ രീതിയിൽ നിർത്താതെപോയ ‘കൃഷ്ണപ്രിയ’ എന്ന ബോട്ടുടമയ്ക്കെതിരേ നടപടികൾ സ്വീകരിച്ചുവരുന്നതായി ഫിഷറീസ് അധികൃതർ അറിയിച്ചു. ബേപ്പൂർ സ്വദേശി സുഭാഷ് എന്നയാളുടെ ബോട്ടാണിത്.