തിരൂർ : വാഹനങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ച് സൺ കൺട്രോൾ ഫിലിം ഒട്ടിക്കാമെന്ന ഹൈക്കോടതി വിധി വന്നതോടെ ജില്ലയിൽ ഇത്തരം ഫിലിമുകൾ ഒട്ടിക്കുന്ന സ്ഥാപനങ്ങളിൽ തിരക്കേറി. വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകളിൽ 70 ശതമാനവും ഇരുവശത്തെയും ഗ്ലാസുകളിൽ 50 ശതമാനവും പ്രകാശം കടന്നു പോകുന്ന തരത്തിൽ കൂളിങ് ഫിലിം ഒട്ടിച്ചാൽ ഉദ്യോഗസ്ഥർ നടപടിയെടുക്കാനോ, പിഴ ഈടാക്കാനോ പാടില്ലെന്നാണ് ഹൈക്കോടതി വിധി.
2012ൽ വാഹനങ്ങളിൽ കറുത്ത ഫിലിം ഒട്ടിക്കുന്നത് നിരോധിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. 2021 ഏപ്രിൽ ഒന്നിന് കേന്ദ്ര മോട്ടർ വെഹിക്കിൾ നിയമഭേദഗതി പ്രകാരം വാഹനങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ച് സുതാര്യമായ ഫിലിമുകൾ (സേഫ്റ്റി ഗ്ലേസിങ്) ഒട്ടിക്കാമെന്ന് വ്യക്തമാക്കി. ഈ ഭേദഗതിക്കു മുൻപാണ് സുപ്രീം കോടതി ഉത്തരവു വന്നതെന്നു കാട്ടിയാണ് ഹൈക്കോടതി പുതിയ ഉത്തരവിറക്കിയത്.
സൺ ഗ്ലാസ് ഫിലിം നിർമിക്കുന്ന കമ്പനികൾ തന്നെ ഇവ വാഹനങ്ങളിൽ ഒട്ടിക്കണമെന്ന നിയമവും ഉണ്ടായിരുന്നു. എന്നാൽ നേരിട്ട് ഫിലിം ഒട്ടിച്ച സംഭവത്തിൽ ഒരു സ്ഥാപനത്തിനെതിരെ മോട്ടർ വാഹന വകുപ്പ് നോട്ടിസ് നൽകിയതോടെ ഇക്കാര്യം കോടതിയിലെത്തുകയായിരുന്നു. വാഹന ഉടമയ്ക്ക് പിഴ ചുമത്താനും മോട്ടർ വാഹന വകുപ്പ് ശ്രമിച്ചു. ഈ 2 നടപടികളും റദ്ദാക്കിയാണ് ഹൈക്കോടതി സൺ കൺട്രോൾ ഫിലിം ഒട്ടിക്കാനുള്ള അനുമതി ഇപ്പോൾ നൽകിയിരിക്കുന്നത്.
വിധി വന്നതോടെ കൂളിങ് ഫിലിം പ്രേമികൾ കാറുകളുമായി സ്ഥാപനങ്ങളിലെത്തി ഇത് ഒട്ടിച്ചു തുടങ്ങി. ചൂടിൽ നിന്നുള്ള രക്ഷയാണ് ഇതുവഴിയുള്ള പ്രധാന ലക്ഷ്യം. രാത്രി എതിരെ നിന്നു വരുന്ന വാഹനങ്ങളുടെ ശക്തമായ ഹെഡ്‍ലൈറ്റ് പ്രകാശത്തിൽ നിന്നു രക്ഷ നേടാനും ഉപകരിക്കും. സൂര്യന്റെ ചൂട് നേരിട്ടേൽക്കുന്നത് പലർക്കും അലർജിയുണ്ടാക്കിയിരുന്നു. ഫിലിം ഒട്ടിക്കുന്നതോടെ ഇക്കാര്യത്തിൽ നിന്നും രക്ഷ നേടാനാകുമെന്നാണ് വാഹന ഉടമകൾ പറയുന്നത്. 1500 രൂപ മുതൽ 13,000 രൂപ വരെയാണ് കൂളിങ് ഫിലിം ഒട്ടിക്കാനുള്ള ചെലവ്. ഹീറ്റ് റിജക‍്ഷൻ, വിസിബിൾ ലൈറ്റ് ട്രാൻസ്മിഷൻ, യുവി റേയ്സ് റിജക‍്ഷൻ എന്നിവയ്ക്ക് അനുസരിച്ചാണ് വിലയിൽ മാറ്റം വരുന്നത്.