പൊന്നാനി : കർമ റോഡ് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടു പൊന്നാനിക്കു നഷ്ടപ്പെട്ടത് 9.5 കോടി രൂപയെന്ന് വിവരം. ഭരണാനുമതി ലഭിച്ച 5 കോടി രൂപ പാഴാക്കിയതിനൊപ്പം, പുഴയോര നടപ്പാതയ്ക്കായി അനുവദിച്ച 4 കോടി രൂപയും അലങ്കാര വിളക്കുകൾ സ്ഥാപിക്കുന്നതിനായി അനുവദിക്കപ്പെട്ട 50 ലക്ഷം രൂപയുമാണു നഷ്ടപ്പെടുത്തിയത്. ഇതിനു പുറമേയാണു മറൈൻ മ്യൂസിയത്തിനായി ചെലവഴിച്ച 5.36 കോടി രൂപയും ലക്ഷ്യത്തിലെത്തിക്കാതെ കളഞ്ഞുകുളിച്ചത്. ഇതോടെ 14.86 കോടി രൂപയുടെ വികസന പദ്ധതിയാണ് പൊന്നാനിയിൽ അട്ടിമറിക്കപ്പെട്ടത്.
അട്ടിമറി ബോധപൂർവം2017ലെ സംസ്ഥാന ബജറ്റിലാണു നടപ്പാതയ്ക്കു 4 കോടി രൂപ അനുവദിച്ചത്. 2021ലെ ബജറ്റിൽ 5 കോടി രൂപ അനുവദിച്ചു. പിന്നീടു ടൂറിസം വകുപ്പ് മുഖേന തെരുവുവിളക്കുകൾ സ്ഥാപിക്കാൻ 50 ലക്ഷം രൂപ അനുവദിച്ചു. പുഴയോരത്തു സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന വിളക്കുകളുടെ രൂപവും നിറവും വരെ അന്നു ചർച്ച ചെയ്ത് തീരുമാനിച്ചിരുന്നു. പുഴയോരത്ത് നടപ്പാത നിർമാണം തുടങ്ങിവയ്ക്കുകയും ചെയ്തു.
പിന്നീടു പ്രളയത്തിനു ശേഷം പുഴയുടെ ഭിത്തിക്ക് ഉറപ്പില്ലെന്നു പറഞ്ഞു പദ്ധതി ഉപേക്ഷിച്ചു. ഭിത്തി പരമാവധി ഉറപ്പ് വരുത്തിയെങ്കിലും നടപ്പാതയ്ക്കായി പിന്നീട് ശ്രമങ്ങളുണ്ടായില്ല. ഭാരതപ്പുഴയോരത്തു വിഭാവനം ചെയ്യുന്നതെന്തും നടപ്പാക്കാൻ തുക ലഭ്യമായിട്ടും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുഖംതിരിച്ചു നിന്നു. പൊന്നാനിയെ വികസനത്തിന്റെ നെറുകയിലേക്ക് ഉയർത്താനായി അനുവദിക്കപ്പെട്ട 14.86 കോടി രൂപ ലക്ഷ്യത്തിലെത്താതെ പോയത് ഉദ്യോഗസ്ഥരുടെ മാത്രം തലയിലിട്ടു രക്ഷപ്പെടാനാണു ചിലർ ശ്രമിക്കുന്നതെന്നാണ് ആരോപണം.
പുഴയോര വികസനത്തിനായി പൊന്നാനി എംഎൽഎയും നഗരസഭയും എന്തു ചെയ്തുവെന്ന ചോദ്യം ഉയരുന്നുണ്ട്. വൻ തുക സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ടെന്നു ബോധ്യമുണ്ടായിട്ടും ഇൗ തുക വിനിയോഗിക്കാൻ നഗരസഭ ടൂറിസം വകുപ്പിനുമേൽ സമ്മർദം ചെലുത്തിയില്ല. പി.നന്ദകുമാർ എംഎൽഎയും കൈമലർത്തി നിന്നുവെന്ന ഗുരുതരമായ ആരോപണവും ഉയരുന്നു.പൊന്നാനി സ്വപ്നം കണ്ട ടൂറിസം പദ്ധതികൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുൻകയ്യെടുത്ത് എത്രയും വേഗം വീണ്ടെടുക്കാൻ ശ്രമങ്ങളുണ്ടാകണമെന്നാണ് ആവശ്യം. അനുവദിച്ച തുക വിനിയോഗിക്കുന്നതിനു പദ്ധതി തയാറാക്കി എത്രയും വേഗം സർക്കാരിനു സമർപ്പിച്ച് അനുമതി നേടിയെടുക്കുന്നതിനു സാധ്യത തേടണണെന്നും ആവശ്യം ഉയരുന്നു.
കടമ്പകളെല്ലാം കടന്നു പണം കിട്ടി, പണി ഉടൻ തുടങ്ങുമെന്ന് അന്നത്തെ എംഎൽഎയും നഗരസഭാ ഭരണകൂടവും വർഷങ്ങൾക്കു മുൻപു പൊന്നാനിക്കാർക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ, അധികാര കേന്ദ്രങ്ങൾക്കൊന്നും ഇപ്പോൾ ഇൗ ഉറപ്പിനെക്കുറിച്ച് അറിയില്ല. സംസ്ഥാനത്തെ മികച്ച ടൂറിസം കേന്ദ്രമായി മാറാനിടയുള്ള ഭാരതപ്പുഴയോരത്തിന്റെ വളർച്ച ഇതോടെ മുരടിച്ചു.