എരമംഗലം : വെളിയങ്കോട്-പാലപ്പെട്ടി മേഖലയിലെ ആഴക്കടലിൽ കേരളാതീരപരിധിയിൽ അനധികൃത മീൻപിടിത്തം നടത്തിയ ആന്ധ്രാപ്രദേശ് സ്വദേശികളുടെ രണ്ട് ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി. ‘റെഡ് ബ്യൂട്ടി’, ‘ഇശാൻവി’ എന്നീ പേരുകളിലുള്ള രണ്ട് ബോട്ടുകളാണ് പിടികൂടി പൊന്നാനി ഹാർബറിൽ എത്തിച്ചത്.
കേരളാ മറൈൻ ഫിഷറീസ് റെഗുലേറ്ററി നിയമപ്രകാരം ബോട്ട് ഉടമകളിൽനിന്ന് പിഴ ഈടാക്കും. ബോട്ടിലുണ്ടായിരുന്ന മീനുകൾ പൊന്നാനി ഹാർബറിൽ ലേലംചെയ്തുലഭിക്കുന്ന തുക സർക്കാരിലേക്ക് കണ്ടുകെട്ടുമെന്ന് പൊന്നാനി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അമൃദാഗോപൻ പറഞ്ഞു.
കേരളാ തീരത്ത് പ്രവേശിക്കുന്നതിന് ആന്ധ്രാപ്രദേശിലെ ബോട്ടുകളും വള്ളങ്ങളും നിർബന്ധമായും പ്രത്യേകാനുമതി എടുക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർക്കുപുറമെ ഫിഷറീസ് ഗാർഡ് പോലിസ് സമീറലി, റെസ്ക്യൂ ഗാർഡുമാരായ ജാഫറലി, സമീർ, ബോട്ട് ജീവനക്കാരായ സിദ്ധിക്കോയ, ആരിഫ് എന്നിവരടങ്ങുന്ന സംഘമാണ് ബോട്ടുകൾ പിടികൂടുന്നതിന് നേതൃത്വം നൽകിയത്.