തിരൂർ : തുഞ്ചൻ വിദ്യാരംഭം കലോത്സവം ഒക്ടോബർ അഞ്ചുമുതൽ 13 വരെ തുഞ്ചൻപറമ്പിൽ നടക്കും. എല്ലാദിവസവും വിവിധ കലാപരിപാടികളുണ്ടാകും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ചലച്ചിത്രസംവിധായകൻ രോഹിത് എം.ജി. കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ എം.ടി. വാസുദേവൻ നായർ അധ്യക്ഷത വഹിക്കും.ആറിന് രാവിലെ പത്തിന് തിരൂർ, തിരൂരങ്ങാടി വിദ്യാഭ്യാസജില്ലകളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്കായി കവി കുഞ്ഞുണ്ണി മാഷ് ഏർപ്പെടുത്തിയ അക്ഷരശുദ്ധി മത്സരം നടക്കും.
വിജയദശമിനാളിൽ കുട്ടികളുടെ എഴുത്തിനിരുത്തലിനുപുറമേ കവികളുടെ വിദ്യാരംഭവും നടക്കും. പുലർച്ചെ അഞ്ചുമുതൽ തുഞ്ചൻ സ്മാരക കൃഷ്ണശിലാമണ്ഡപത്തിലും സരസ്വതീമണ്ഡപത്തിലും പ്രമുഖ എഴുത്തുകാരും പാരമ്പര്യ എഴുത്താശാന്മാരും കുട്ടികളെ എഴുത്തിനിരുത്തും. കവികളുടെ വിദ്യാരംഭം പരിപാടിയിൽ നാല്പതിലേറെ എഴുത്തുകാർ വിദ്യാരംഭം കുറിക്കും. വിദ്യാരംഭത്തിന് മുൻകൂർ ബുക്കിങ്ങില്ല. ഫോൺ: 0494 2422213.പത്രസമ്മേളനത്തിൽ തുഞ്ചൻ സ്മാരക ട്രസ്റ്റ് അംഗങ്ങളായ പി. കൃഷ്ണൻകുട്ടി, അഡ്വ. എം. വിക്രംകുമാർ, ട്രസ്റ്റ് കോഡിനേറ്റർ ഡോ. കെ. ശ്രീകുമാർ, സൂപ്രണ്ട് ടി.പി. സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.