കുറ്റിപ്പുറം : ദേശീയപാതാ 66 ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായി കുറ്റിപ്പുറത്ത് നിർമിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു.മേൽപ്പാലത്തിന്റെ റെയിൽപ്പാതയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന ഭാഗത്ത് സ്ഥാപിക്കുന്ന കോമ്പോസിറ്റ് ഗർഡറിന്റെ നിർമാണമാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്.സ്റ്റീൽ, കോൺക്രീറ്റ് എന്നിവയുടെ മിശ്രിതമാണ് കോമ്പോസിറ്റ് ഗർഡർ നിർമാണത്തിനുപയോഗിക്കുന്നത്.വാഹനങ്ങൾ കടന്നുപോകുന്ന ഭാഗമാണ് കോൺക്രീറ്റിൽ നിർമിക്കുന്നത്.
ബാക്കി ഭാഗങ്ങളിലെല്ലാം സ്റ്റീലാണ്. റെയിൽവേയുടെ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള നിർമാണരീതി റെയിൽപ്പാതയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന ഭാഗത്ത് നടപ്പാക്കുന്നത്.കോമ്പോസിറ്റ് ഗർഡർ 63.7 മീറ്റർ നീളത്തിലും 16 മീറ്റർ വീതിയിലും ‘റ’ രൂപത്തിലുമായാണ് നിർമിക്കുന്നത്.കുറ്റിപ്പുറം പൈതൃകപാലത്തിന്റെ അതേ ഘടനയിലാണ് നിർമാണംനടക്കുന്നത്.ഡിസംബറോടെ കോമ്പോസിറ്റ് ഗർഡറിന്റെ നിർമാണം പൂർത്തിയാകാനാണ് സാധ്യത. കോമ്പോസിറ്റ് ഗർഡർ അഞ്ച് മണിക്കൂർകൊണ്ട് റെയിൽപ്പാതയ്ക്ക് സമാന്തരമായി സ്ഥാപിക്കാൻ കഴിയും.
ഇതിനായി ആ സമയമത്രയും ഇതുവഴിയുള്ള തീവണ്ടിയാത്ര പൂർണമായും നിർത്തിവെപ്പിക്കും. നാലുവരിപ്പാതയിൽ നിർമിക്കുന്ന പുതിയ റെയിൽവേ മേൽപ്പാലത്തിന്റെ കോമ്പോസിറ്റ് ഗർഡർ സ്ഥാപിക്കുന്ന ദൂരമത്രയും മൂന്നുവരിപ്പാത മാത്രമാണ് ഉണ്ടാവുക.