പൊന്നാനി : മത്സ്യബന്ധന തുറമുഖത്തിന്‍റെ വികസനത്തിന്‍റെ ഭാഗമായി പുതിയ വാർഫ് നിർമിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. വാർഫ് നിർമാണത്തിന് മുന്നോടിയായി ബാർജ് എത്തി. വള്ളങ്ങൾക്കായി ലോ ലെവൽ ജെട്ടിയും ലേല ഹാളും പാർക്കിങ് ഏരിയയും ഹാർബറിൽ നിർമിക്കുന്നുണ്ട്.നിലവിൽ പടിഞ്ഞാറ് ഭാഗത്ത് 100 മീറ്റർ വാർഫാണുള്ളത്. നിലവിലെ വാർഫിനോട് ചേർന്ന് തെക്ക് ഭാഗത്തായി 50 മീറ്റർ നീളത്തിലാണ് പുതിയ വാർഫ് നിർമിക്കുന്നത്. നിർമാണം പൂർത്തിയായാൽ 20 ബോട്ടുകൾക്കുകൂടി ഇവിടെ നിർത്തിയിടാനാകും. ഇതോടൊപ്പം ഈ ഭാഗത്തെ ആഴം വർധിപ്പിക്കുന്ന ജോലികളും നടക്കും.
വള്ളങ്ങളിൽനിന്ന് മത്സ്യം ഇറക്കുന്ന ഭാഗത്തായി ലോ ലെവൽ ജെട്ടിയുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. സുഗമമായി മത്സ്യം എത്തിക്കുന്നതിനും യാനങ്ങൾ സുരക്ഷിതമായി കെട്ടിയിടുന്നതിനുമായാണ് ജെട്ടി നിർമിക്കുന്നത്. 140 മീറ്റർ നീളത്തിലാണ് ജെട്ടി നിർമിക്കുന്നത്. ഇതിനോട് ചേർന്ന് ലേല ഹാൾ, പാർക്കിങ് ഏരിയ എന്നിവയുടെ നിർമാണവും ആരംഭിച്ചു.പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 6.30 കോടി രൂപ ചെലവിലാണ് നിർമാണം.