ചങ്ങരംകുളം : പത്മശ്രീ പകരാവൂർ ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ സ്മരണക്കായി നിര്‍മിച്ച സ്മാരക പെൻഷൻ ഭവൻ ഒക്ടോബർ 19 ന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കേരള സർക്കാർ സർവീസിൽ നിന്നും റിട്ടയർ ചെയ്തവരുടെ ഇന്ന് നിലവിലുള്ള ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സർക്കാർ അംഗീകൃത സംഘടനയായ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ കീഴിലാണ് സ്മാരക ഭവന്‍ പണി തീര്‍ത്തത്.1992ൽ രൂപീകരിക്കപ്പെട്ട സംഘടനയുടെ സ്ഥാപക പ്രസിഡണ്ടും, വിദ്യാഭ്യാസ വീക്ഷകനും,മൂക്കുതല ഹൈസ്കൂൾ സ്ഥാപകനും രാജ്യം പത്മശ്രീ നൽകി ആദ രിക്കുകയും ചെയ്ത പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ സ്‌മാരകമായി സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ‌് യൂണിയൻ നന്നംമുക്ക് യൂണിറ്റ് നിര്‍മിച്ച പെൻഷൻഭവൻ കാലത്ത് 10 മണിക്ക് പൊന്നാനി എംഎല്‍എ പി. നന്ദകുമാർ നിര്‍വഹിക്കും.നന്നംമുക്ക് യൂണിറ്റിലെ മുതിർന്ന അംഗമായി രുന്ന വിടപറഞ്ഞ മംഗലത്തേരി നാരായണൻ നമ്പൂതിരിയാണ് പെൻഷൻഭവൻ നിർമ്മിക്കുന്നതിനുള്ള സ്ഥലം സൗജന്യമായി വിട്ടു നൽകിയത്.ഉദ്ഘാടന സമ്മേളനത്തിൽ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ മുഖ്യപ്രഭാഷണം നടത്തും .
സംസ്ഥാന ജില്ലാ നേതാക്കളും ജനപ്രതിനിധികളും പത്മശ്രീ പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ അടുത്ത ബന്ധുക്കളും ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.ചിത്രൻ നമ്പൂതിരിപ്പാടിന് ഒരു സ്‌മാരകം എന്നതിനു പുറമെ റിട്ടയർ ചെയ്ത മുതിർന്ന പൗരന്മാർക്കുള്ള ഒരു കൂട്ടായ്‌മയായും പൊതുസമൂഹത്തിന് പ്രയോജനപ്പെടുന്ന ഒരു സ്ഥാപനമായും ഈ സ്‌മാരകം വളർത്തിയെടുക്കുന്നതിനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്ന് സംഘടന സമിതി അറിയിച്ചു. പി.ഭാസ്കര നമ്പ്യാർ, പി.എൻ. കൃഷ്ണമൂർത്തി, ഇ.വനജാക്ഷി വി.വി. ഭരതൻ, ഇ.ഉണ്ണി മാധവൻ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.