പൊന്നാനി : അഴിമുഖം തൂക്കുപാലത്തിനായുള്ള സ്ഥലമേറ്റെടുപ്പിൽ 26 പേരുടെ ഭൂമിയുടെ വിലനിർണയം പൂർത്തിയാക്കി. മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് വിലനിർണയം നടക്കുന്നത്. 146 പേരുടെ ഭൂമിയും കെട്ടിടങ്ങളും ഉൾപ്പെടെയാണ് ഏറ്റെടുക്കേണ്ടി വരുന്നത്. വിലനിർണയം പൂർത്തിയായിക്കഴിഞ്ഞാലുടൻ സ്ഥലമേറ്റെടുപ്പ് നടക്കും. തീരദേശത്ത് വൻ വികസന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട് തിരൂർ–പൊന്നാനി താലൂക്കുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പൊന്നാനി അഴിമുഖത്ത് യാഥാർഥ്യമാക്കാൻ പോകുന്നത്. പാലത്തിന്റെ ഇരു ഭാഗത്തും അപ്രോച്ച് റോഡുകൾക്കായുള്ള സ്ഥലമേറ്റെടുപ്പ് നടപടികളാണു പുരോഗമിക്കുന്നത്.

കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയാണ് പൊന്നാനി – പടിഞ്ഞാറേക്കര തീരങ്ങളിലായി തൂക്കുപാലം നിർമിക്കുന്നത്. 289 കോടി രൂപയോളം ചെലവു വരുമെന്നാണു കണക്ക്. പാലത്തിനു മാത്രം 1.49 കിലോമീറ്റർ നീളമുണ്ടാകും. ഇരു ഭാഗങ്ങളിലുമായി 2 കിലോമീറ്ററോളം അപ്രോച്ച് റോഡുകളും വേണം. ഹാർബർ പ്രദേശത്തേക്ക് ഭാവിയിൽ കപ്പലുകൾക്കുവരെ അടുക്കാവുന്ന തരത്തിൽ തൂക്കുപാലം ജലനിരപ്പിൽനിന്ന് ഏറെ ഉയർത്തിയാണു നിർമിക്കുക. സംസ്ഥാന തീരദേശ പാതയുടെ ഭാഗമായി തൂക്കുപാലം മാറും. പൊന്നാനിയിൽ ഹാർബർ പ്രദേശത്ത് നിലവിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഭാഗത്തു നിന്നായിരിക്കും പാലത്തിന്റെ തുടക്കം. പടിഞ്ഞാറേക്കര ഭാഗത്ത് ടൂറിസം പാർക്കിനു മുൻപിലായി പാലം അവസാനിക്കും. ഹാർബർ പ്രദേശത്തുനിന്ന് തുടങ്ങി അപ്രോച്ച് റോഡ് ആനപ്പടി ഭാഗത്ത് ആറുവരിപ്പാതയിലേക്ക് ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കോടതി കെട്ടിടം സംരക്ഷിച്ചു നിർത്തേണ്ടതിനാൽ കോടതിയും അനുബന്ധ കെട്ടിടങ്ങളും ഒഴിവാക്കിയാണ് സ്ഥലം ഏറ്റെടുക്കുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *