പൊന്നാനി : കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇ. ശ്രീധരൻ പരാജയപ്പെട്ടതിലൂടെ മണ്ഡലത്തിനുണ്ടായ നഷ്ടം ഈ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്ടുകാർ നികത്തുമെന്ന് എൻ.ഡി.എ. സ്ഥാനാർഥി സി. കൃഷ്ണകുമാർ. ഞായറാഴ്ച രാവിലെ മെട്രോമാൻ ഇ. ശ്രീധരനെ പൊന്നാനിയിലെ വീട്ടിലെത്തി സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇ. ശ്രീധരൻ വിജയിച്ചിരുന്നെങ്കിൽ പാലക്കാടിനുണ്ടാകുമായിരുന്ന നേട്ടങ്ങളെക്കുറിച്ച് ജനങ്ങൾ ചിന്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട് ബി.ജെ.പി.ക്ക് അനുകൂല സാഹചര്യമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ അഭിപ്രായപ്പെട്ടു. പാലക്കാടിന്റെ വികസനത്തിനുള്ള മാസ്റ്റർപ്ലാനുമായി മുന്നോട്ടുപോകുമെന്നും സി. കൃഷ്ണകുമാറിന്റെ വലംകൈയായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാരീരികബുദ്ധിമുട്ടുകളുണ്ടെങ്കിലും നേതൃത്വം ആവശ്യപ്പെട്ടാൽ പ്രചാരണത്തിന് നേരിട്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.